Skip to main content

ജനകീയമായി ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്

 

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി  പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ  നേതൃത്വത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അങ്ങാടിപ്പുറം എം.പി.നാരായണമേനോന്‍ സ്മാരക ഹാളില്‍ നടന്ന അദാലത്തില്‍ 217 പേര്‍ പങ്കെടുത്തു. ഇതില്‍ 176 പരാതികള്‍ അപേക്ഷകര്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുകയും 41 പരാതികള്‍  അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി  സമര്‍പ്പിക്കുകയും ചെയ്തു. പരാതികള്‍ കലക്ടര്‍ നേരിട്ടു കേള്‍ക്കുകയും പരിഹാരത്തിനായി ബന്ധപ്പെട്ട  വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. 
വേദിയില്‍ കയറി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്ത പൊതുജനങ്ങളുടെ അടുത്തേക്ക് കലക്ടര്‍ ഇറങ്ങിവന്ന് പരാതികള്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ എന്നിവ ഒഴികെയുള്ള വിഷയങ്ങളാണ് അദാലത്തിന്റെ പരിഗണനയില്‍ വന്നത്. ലൈഫ് മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ നീതി വകുപ്പ് എന്നീ വകുപ്പുകളുടെ കീഴിലാണ് കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്.അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) സയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ഒ.ഹംസ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പ്രസന്നകുമാരി, തഹസില്‍ദാര്‍മാരായ ജാഫറലി, ജയശ്രീ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
 

date