Skip to main content

ചേലേമ്പ്ര പഞ്ചായത്തില്‍ രോഗപ്രതിരോധ നടപടികള്‍  ശക്തമാക്കി

 

ചേലേമ്പ്ര പഞ്ചായത്തില്‍ എച്ച്1 എന്‍ 1 രോഗബാധയെ തുടര്‍ന്ന് ഒരു രോഗി മരിച്ച സാഹചര്യത്തില്‍ രോഗനിരീക്ഷണവും പ്രതിരോധനടപടികളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചേലേമ്പ്ര പഞ്ചായത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രദീഷിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 
ജനുവരി 18 നാണ്  എച്ച് 1 എന്‍ 1  രോഗത്തെ തുടര്‍ന്ന് ഒരു രോഗി മരണപ്പെട്ടത്. തുടര്‍ന്ന് ചേലേമ്പ്ര പി.എച്ച്.സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ സംഘം പ്രദേശത്തെ 65 വീടുകളില്‍ പരിശോധന നടത്തുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ചേലേമ്പ്ര പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ നേതൃത്വത്തിലും  അവലോകനം യോഗം ചേര്‍ന്നു.
പ്രദേശത്തെ എല്ലാ വീടുകളിലും നിരീക്ഷണം ശക്തിപ്പെടുത്തിയതായും എല്ലാ ആശുപത്രികളിലും ഒസള്‍ട്ടാമിവിര്‍ ഗുളികയുടെ ലഭ്യത ഉറപ്പുവരുത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂളുകളില്‍ പോകുന്ന കുട്ടികളില്‍ പനിയുണ്ടെങ്കില്‍  പനി മാറുന്നതുവരെ അവരെ സ്‌കൂളില്‍ അയക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടാതെ പനിയും ജലദോഷ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ വരുന്നവരെ   ശരിയായ ചികിത്സാ പ്രോട്ടോകോള്‍ അനുസരിച്ച് വേണം ചികിത്സിക്കേണ്ടത് എന്ന നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു. 
 

date