Skip to main content
ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനസൂയ. സി.സുധന്‍ (ഗവ. എച്ച് എസ് എസ്, തൊടുപുഴ) ന് മന്ത്രി എം.എം.മണി ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നു.

ലഹരി വര്‍ജ്ജനത്തിന്  ബോധവത്ക്കരണം വലിയ പങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി.

ലഹരി വസ്തുക്കളുടെ വിപണനത്തിനും ഉപയോഗത്തിനും തടയിടാന്‍ കര്‍ശന
നടപടികള്‍ക്കൊപ്പം ബോധവത്ക്കരണ പരിപാടിയും  വലിയ പങ്കുവഹിക്കുന്നതായി
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വിമുക്തി - 90 ദിനതീവ്രയത്‌ന
ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച
ക്വിസ് മത്സരവും എണ്ണ ഛായ മത്സരവും കട്ടപ്പന സെന്റ്‌ജോര്‍ജ് സ്‌കൂളില്‍
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തില്‍ നിന്നും
മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുകയെന്ന
ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍
ബോധവത്ക്കരണ പരിപാടികള്‍ നടത്തി വരുന്നത്. ലഹരി ഉപയോഗത്തിന്റെ പൂര്‍ണ്ണ
നിയന്ത്രണം നിയമം കൊണ്ട് മാത്രം സാധ്യമാകില്ല. അതിന്റെ ദൂഷ്യവശങ്ങളെ
കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാകണം. പുതുതലമുറ ലഹരി വസ്തുക്കളുടെ
ഉപയോഗത്തില്‍പെട്ടു പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തിലെ വിജയികള്‍ക്ക് മന്ത്രി ക്യാഷ്
അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു.

നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്
എക്‌സൈസ് വകുപ്പ്് നടത്തി വരുന്ന 90 ദിന തീവ്രയത്‌ന ബോധവത്ക്കരണ
പരിപാടിയുടെ ഭാഗമായി ജില്ലാ എക്‌സൈസും ജവഹര്‍ലാല്‍ നെഹ്‌റു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുമായി
ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.  ജില്ലയിലെ    ഹൈസ്സ്‌കൂള്‍, ഹയര്‍
സെക്കണ്ടറി വിഭാഗത്തില്‍ നിന്നുള്ള  കുട്ടികളാണ് മത്സരത്തില്‍
പങ്കെടുത്തത്.

ഉദ്ഘാടന യോഗത്തിന്  നഗരസഭ  ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത
വഹിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്‌സ്
ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍ ആബിദ് ഷെഹിം അസ്സീസ് സന്ദേശം നല്കി.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജരുമായ മുഹമ്മദ്
ന്യൂമാന്‍ സ്വാഗതവും ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട്
അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ അശോകന്‍ എ.പി.നന്ദിയും പറഞ്ഞു. നഗരസഭ മുന്‍
ചെയര്‍മാന്‍ മനോജ്.എം.തോമസ്, ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍
ഇന്‍സ്‌പെക്ടര്‍ അബു അബ്രഹാം, സെന്റ് ജോര്‍ജ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍
ജീമോന്‍ ജേക്കബ്, ഹെഡ്മാസ്റ്റര്‍ ഡൊമിനിക് ജേക്കബ്, കട്ടപ്പന,  തങ്കമണി
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ബി. ബിനു, പി.കെ.സുരേഷ്, പ്രൊഫ:
അബ്ദുള്‍ റഹ്മാന്‍, പി.എച്ച്. ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലഹരി ഉപയോഗത്തിന്റെ വിപത്തുകള്‍ ദൃശ്യവത്ക്കരിച്ചും വിശദീകരണം നല്കിയും
വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍
ബി.രാജ്കുമാര്‍ ക്വിസ് മത്സരം നയിച്ചു. അനസൂയ. സി.സുധന്‍ (ഗവ. എച്ച് എസ്
എസ്, തൊടുപുഴ) ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  'എനിക്ക്
ലഹരി വേണ്ട' എന്ന വിഷയത്തില്‍ നടന്ന ജലഛായം, എണ്ണ ഛായ മത്സരങ്ങളില്‍ അനഘ
സാബു (ഓസാനം, കട്ടപ്പന), മെല്‍ബിന്‍ രൂപേഷ് (സെന്റ് ജോര്‍ജ് കട്ടപ്പന)
എന്നിവര്‍ ഒന്നാം സ്ഥാനം നേടി. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 5001
രൂപയും  രണ്ടാം സമ്മാനം 2501 രൂപയും മൂന്നാം സമ്മാനം 1001 രൂപയും
ഉപഹാരവും വീതമാണ് നല്കിയത്.

date