Skip to main content
ഇപ്പോഴത്തെ ഊരുമൂപ്പനും മുന്‍ പഞ്ചായത്തംഗവുമായ  രാജപ്പന്‍ വെള്ളായനിയും  സഹോദരി രാജമ്മയും

കൊലുമ്പന്‍ കോളനിയിലേക്ക് പട്ടയം ഒരു ചരിത്രനിയോഗം

 ഇടുക്കി പാറേമാവ് കൊലുമ്പന്‍ കോളനിയിലെ ഓലിക്കല്‍ വീടിന്റെ ഉമ്മറത്ത്
മച്ചിനോട് ചേര്‍ന്ന് തട്ടിന്‍മേല്‍ പവിത്രമായി സൂക്ഷിച്ചിരിക്കുന്ന ഒരു
ചെറിയ ഈറ്റവട്ടിയുണ്ട്. ഇത് വെറുതെ ഒരു വട്ടിയല്ല, ഒരു ഗോത്രത്തിന്റെ
ആത്മാവ് ആണത്. കേരളത്തിന്റെ അഭിമാന പദ്ധതിയായ ഇടുക്കി അണക്കെട്ടിന്റെ
പിറവിക്കു കാരണഭൂതനായ ആദിവാസി മൂപ്പന്‍ കൊലുമ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ
ആത്മാക്കളുമായി പിന്‍തലമുറ സംവദിക്കാന്‍ ഉപയോഗിക്കുന്ന മാന്ത്രിക വട്ടിയെ
എലുപ്പംപെട്ടിയാണ് വിളിക്കുന്നത്. കോളനിയിലെ മുതിര്‍ന്നവരും മന്ത്രവാദം
അറിയാവുന്നവരും എലുപ്പംപെട്ടി ഉപയോഗിച്ചിരുന്നു.
 ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും നിലനില്‍പ്പിന്റെയും കഥകള്‍
ഉറങ്ങുന്ന പെട്ടി. ഓലിക്കല്‍ വീടിന്റെ ഇപ്പോഴത്തെ കുടുംബനാഥ എഴുപതു വയസു
പിന്നിട്ട കമലാക്ഷിക്കും മൂത്തമകന്‍ കുഞ്ഞുമോനും ഇതേക്കുറിച്ചു
പറയുമ്പോള്‍ അഭിമാനവും ആദരവും. അന്ന് കൊലുമ്പന്‍ ഉള്‍പ്പെടെയുള്ള
മുന്‍തലമുറക്കാര്‍ അയ്യപ്പന്‍കോവില്‍ ഭാഗത്ത് നിന്നാണ്
കൊലുമ്പനിലെത്തിയത്. പിന്നീട് അവര്‍ മണ്ണിനെ പൊന്നാക്കി മാറ്റി. എന്നാല്‍
അന്ന് അവര്‍ക്കോ പിന്‍തലമുറയ്‌ക്കോ സ്വന്തം മണ്ണിന്റെ അവകാശം
ഉറപ്പിക്കാനായില്ല. എന്നാലിപ്പോള്‍ ഈ കോളനിയിലെ 36 കുടുംബങ്ങള്‍ക്ക്
പട്ടയം അരികിലെത്തിയിരിക്കുകയാണ്.
കേരളത്തിന്റെ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനം പിടിച്ചതാണ്
കൊലുമ്പന്‍ കോളനി. 1950 കളില്‍ പെരിയാറില്‍ ജലവൈദ്യുതി പദ്ധതിക്കു വേണ്ടി
ഇടുക്കി വനപ്രദേശത്ത് സര്‍വ്വെ നടത്തി. യോജ്യമായ സ്ഥലമെന്ന നിലയില്‍
നാരകക്കാനം പത്താംമൈലിനടുത്തുള്ള ചേക്ലേച്ചി, വഞ്ചൂരി മലകള്‍ക്കിടയില്‍
അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചു.  അണക്കെട്ട് നിര്‍മാണത്തിന്റെ
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന വിദേശികളായ എഞ്ചിനീയര്‍മാരെയും
ഭരണാധികാരികളെയും ചേക്ലേച്ചി കാണിച്ചു കൊടുക്കുവാന്‍ വഴികാട്ടിയായത്
ഊരാളി മൂപ്പനായ കൊലുമ്പന്‍ ആയിരുന്നു.  സ്ഥലം കണ്ട് തിരികെ വരുന്ന വഴി
അവരുടെ ഉദ്ദേശ്യം മനസിലാക്കിയ കൊലുമ്പന്‍ ചേക്ലേച്ചി, വഞ്ചൂരി
മലകളേക്കാള്‍ പെരിയാറിന്റെ മറ്റൊരു ഭാഗത്തുളള കുറവന്‍, കുറത്തി മലകളെ
ബന്ധിപ്പിച്ച്  അണക്കെട്ടു നിര്‍മിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന്
എഞ്ചിനീയര്‍മാരെ ബോധ്യപ്പെടുത്തി.
 കേരളത്തിലെ ജലവൈദ്യുതിയുടെ  സിംഹഭാഗവും ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍
നിന്നാണ്. കൊലുമ്പന്‍ ചൂണ്ടി കാണിച്ചു കൊടുത്ത സ്ഥലത്താണ് ഇന്ന് ഏഷ്യയിലെ
ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കി സ്ഥിതി ചെയ്യുന്നത്. ഇടുക്കി
ഡാമിന്റെ പണി പൂര്‍ത്തിയായപ്പോള്‍ ചെമ്പകശ്ശേരി, അയിനി മുതലായ
ഊരാളിക്കുടികള്‍ വെള്ളത്തിനടിയിലായി. കൊലുമ്പന്റെ കൂട്ടരുടെ ഏക
ആരാധനാലയമായിരുന്ന അയ്യപ്പന്‍കോവിലും വെള്ളത്തിനടിയിലായി.
ചെമ്പകശ്ശേരി, അയിനി പ്രദേശത്തുള്ള ഊരാളി കുടുംബങ്ങളെ വെള്ളാപ്പാറയിലുള്ള
ഊരാളികുടിയിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൊലുമ്പന്റെ മരണശേഷം ഈ
ഊരാളികുടി കൊലുമ്പന്‍ കോളനി എന്നറിയപ്പെടുന്നു.
 ജനുവരി 24ന് നടക്കുന്ന ജില്ലാ പട്ടയമേളയില്‍ കൊലുമ്പന്‍കോളനിയിലെ
കുടുംബങ്ങള്‍ക്കും പട്ടയരേഖ നല്‍കുന്നതിനുള്ള നടപടികള്‍
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോളനിയിലെ മൂന്നോ നാലോ പേര്‍ക്കു
മാത്രമാണ് ഒരേക്കര്‍ കൂടുതല്‍ സ്ഥലമുള്ളതെന്ന് ഇപ്പോഴത്തെ ഊരുമൂപ്പനും
മുന്‍ പഞ്ചായത്തംഗവുമായ  രാജപ്പന്‍ വെള്ളായനി പറഞ്ഞു.
 ഇടുക്കി ഡാമിന്റെ നിര്‍മാണ സമയത്താണ് കൂടുതല്‍ പേര്‍ കുടിയേറിയത്. അന്ന്
150 ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ്
പിടിച്ചുനില്‍ക്കാനായതെന്ന് രാജപ്പന്റെ സഹോദരി രാജമ്മ ഓര്‍മിക്കുന്നു.
പുറത്ത് പണിക്കു പോയാണ് വരുമാനം കണ്ടെത്തിയിരുന്നത്.
കെട്ടിക്കൊണ്ടുവരുന്ന പെണ്ണുങ്ങള്‍ക്ക് എല്ലാവരുടെയും മുന്നില്‍ചെല്ലാന്‍
അവകാശമില്ലായിരുന്നു. അര അണയായിരുന്നു കൂലി. ചോറും കാപ്പിയും കിട്ടും.
സ്വന്തം മണ്ണില്‍ ഒത്തിരി പണിയെടുത്തുവെങ്കിലും അത് സ്വന്തം എന്നുപറയാന്‍
കഴിയാത്ത അവസ്ഥയിലായിരുന്നു ഇക്കാലമത്രയും. എന്നാലിപ്പോള്‍ പട്ടയം
കിട്ടുമെന്നറിയുമ്പോള്‍ രാജമ്മയുടെ കണ്ണുകളില്‍ ആഹ്‌ളാദത്തിളക്കം.
ഭര്‍ത്താവ് രാമന്‍കുട്ടി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. സ്ത്രീകള്‍
മിക്കവരും ഈറ്റനെയ്ത്തു നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു.

 

date