Skip to main content

ജില്ലയില്‍ നാലായിരത്തോളം പട്ടയങ്ങള്‍ താമസിയാതെ വിതരണം ചെയ്യും  അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി  സര്‍ക്കാര്‍ നല്‍കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍ 

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സര്‍ക്കാര്‍ നല്‍കുമെന്നു  റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.  ജില്ലാതല പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ ജില്ലയില്‍ നാലായിരത്തോളം പട്ടയങ്ങള്‍ താമസിയാതെ വിതരണം ചെയ്യുവാനാകും. എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ പത്തനംതിട്ട ജില്ലയില്‍ മെയ് മാസത്തില്‍ മറ്റൊരു പട്ടയമേള നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ലക്ഷത്തി നാല്‍പതിനായിരം പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഭൂമിക്ക് പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഒരുപാട് കുടുംബങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. പട്ടയമേളയില്‍ മാത്രം അവസാനിക്കുന്ന ഒന്നല്ല പട്ടയ വിതരണം. 

ചുട്ടിപ്പാറ വടക്കേച്ചരുവില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫയ്ക്ക് പട്ടയം നല്‍കിയാണു മന്ത്രി പട്ടയ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ആകെ 511 പട്ടയങ്ങളാണു വിതരണം ചെയ്തത്. 

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച  ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  എം.എല്‍.എ മാരായ രാജു എബ്രഹാം, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  മുന്‍സിപ്പല്‍ വാര്‍ഡ് മെബര്‍ സുശീല പുഷ്പന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, അലക്‌സ് കണ്ണമല, എബ്രഹാം തലവടി, സനോജ് മേമന, എന്‍.എം രാജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വാഗതവും അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം നന്ദിയും പറഞ്ഞു.  

 

date