Skip to main content

ആയിരങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരം: ജില്ലാതല മെഗാ പട്ടയമേള ഇന്ന് (24/1/20)

കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിച്ച് ജില്ലാതല മെഗാ പട്ടയമേള ഇന്ന് (ജനുവരി 24 ). കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാളില്‍   രാവിലെ 10.30 ന് നടക്കുന്ന യോഗത്തില്‍  റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദുതി വകുപ്പ് മന്ത്രി എം.എം മണി  അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം എല്‍.എ  സ്വാഗതം  പറയും. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും.  എംഎല്‍എ മാരായ പി.ജെ.ജോസഫ്, ഇ.എസ്. ബിജിമോള്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. ശശി, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.മോഹനന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. എ ഡി എം ആന്റണി സ്‌കറിയ കൃതജ്ഞത പറയും.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നാലാമത് പട്ടയമേളയാണിത്. ജില്ലയിലെ 11 റവന്യു ഓഫീസുകളില്‍ നിന്നായി 8101 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. കോളനികള്‍ക്ക് പ്രത്യേക പരിഗണന നല്കിയുള്ളതാണ് ഈ പട്ടയമേള.   ഏഴല്ലൂര്‍, കൊലുമ്പന്‍കോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉള്‍പ്പെടെ18 കോളനികളില്‍ താമസിക്കുന്ന 1500 ഓളം പേര്‍ക്ക് പട്ടയം ലഭ്യമാകും. പട്ടയത്തിനൊപ്പം വസ്തുവിന്റെ സ്‌കെച്ചും  കൂടി വിതരണം ചെയ്യുന്നുവെന്നതാണ് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകത.
പട്ടയ വിതരണത്തിന് 32 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ഹാളില്‍ കട്ടപ്പന എല്‍.എയുടെ ആറ് കൗണ്ടറും താഴത്തെ നിലയില്‍ ബാക്കി ഓഫീസുകളുടെ 26 കൗണ്ടറുകളും പ്രവര്‍ത്തിക്കും.
പട്ടയമേളയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പള്ളിക്കവല സി എസ് ഐ ഗാര്‍ഡനിലും വലിയ വാഹനങ്ങള്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തും പാര്‍ക്ക് ചെയ്യണം. ഉദ്ഘാടന യോഗത്തിനു മുന്‍പ് ആദിവാസി ഗോത്രകലാരൂപമായ മന്നാന്‍ കൂത്ത് അരങ്ങേറും. തുടര്‍ന്ന് പട്ടയം ലഭ്യമാകുന്ന പ്രധാന കോളനികള്‍ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.
 

date