Skip to main content

അരനൂറ്റാണ്ടിലേറെ കണ്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തില്‍  ഏലിയാമ്മയും അന്നമ്മയും 

അരനൂറ്റാണ്ടില്‍ ഏറെയായി റാന്നി ഉതിമൂട് തുണ്ടുമണ്ണില്‍ ഏലിയാമ്മ ചാക്കോ (77), അന്നമ്മ ചാണ്ടി (75) എന്നിവര്‍ തങ്ങളുടെ ഭൂമിയുടെ പട്ടയ അനുബന്ധ രേഖകള്‍ ഈ ജീവിതകാലത്തെങ്കിലും ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു. എന്നാല്‍ പത്തനംതിട്ട ജില്ലാതല പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും ലാന്റ് ടൈബ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതോടെ ആശങ്കകള്‍ വഴിമാറി ദീര്‍ഘനാളത്തെ സ്വപ്‌നം പൂവണിയുകയായിരുന്നു. 

ഏലിയാമ്മ ചാക്കോയുടെ ഭര്‍ത്താവ് ചാക്കോ മത്തായിക്കും സഹോദരനായ ചാണ്ടി മത്തായിക്കും ഭാര്യ അന്നമ്മ ചാണ്ടിക്കും തങ്ങളുടെ മുന്‍ഗാമികള്‍ കൈവശംവച്ചുപോന്ന 70 സെന്റും, 49 സെന്റ് സ്ഥലവുമാണു കൈവശരേഖക്കായി കാത്തിരിക്കേണ്ടിവന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് എബ്രഹാം പുതിയോത്ത് മേപ്രത്തിന്റെ കൈയില്‍ നിന്നും കൈപ്പറ്റിയ ഭൂമിക്കാണു ജില്ലാതല പട്ടയമേളയില്‍ ലാന്റ് ട്രൈബ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഏലിയാമ്മ ചാക്കോയുടെ ഭര്‍ത്താവ് ചാക്കോ മത്തായിയും അന്നമ്മ ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടി മത്തായും നേരത്തെ മരണമടഞ്ഞിരുന്നു. സഹോദരങ്ങളായ ചാക്കോയ്ക്കും ചാണ്ടിക്കും തങ്ങളുടെ പൂര്‍വ്വ പിതാക്കന്‍ന്മാര്‍ കൈവശം വച്ചിരുന്ന ഭൂമിക്ക് ഉടമസ്ഥാവകാശം ലഭിക്കെണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. ഏലിയാമ്മ-ചാക്കോ മത്തായി ദമ്പതിമാര്‍ക്കു നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ഉള്ളത്. അന്നമ്മ- ചാണ്ടി മത്തായി ദമ്പതികള്‍ക്ക് അഞ്ചു പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണുള്ളത്. കാലങ്ങളായി തങ്ങള്‍ കൈവശംവച്ചിരുന്ന ഭൂമിക്ക് ഉടമസ്ഥാവകാശം ലഭിച്ച സന്തോഷത്തിലാണ് ഏലിയാമ്മയും അന്നമ്മയും. 

 

 

date