Skip to main content

കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്: 56 പേരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി. പ്രകാശ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി കാന്‍സര്‍ സൊസൈറ്റിയിലെ ഡോ. ശശിധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ആറ് അംഗ മെഡിക്കല്‍ ടീമാണ് പരിശോധന നടത്തിയത്.
പരിശീലനം ലഭിച്ച  ആശ വര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുമണ്‍ പഞ്ചായത്തിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പ്രാഥമിക പരിശോധനയ്ക്കു  ശേഷമാണ് 162 പേരെ പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തിയത്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് ക്യാന്‍സര്‍ ലക്ഷണം ഉള്ളതിനാല്‍ 54 സ്ത്രീകളെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ക്യാമ്പില്‍ പങ്കെടുത്ത രണ്ടു പേര്‍ക്ക് കാന്‍സറിന്റെ ലക്ഷണമുള്ള മുഴകള്‍ ഉള്ളതിനാല്‍ ഇവരെ വിദഗ്ധ പരിശോധനക്ക് അയച്ചു.
പറക്കോട് ബ്ലോക്കിലെ ഏഴു പഞ്ചായത്തിലും കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 പ്ലാന്‍ ഫണ്ടില്‍നിന്ന് ആറു ലക്ഷം രൂപ വിനിയോഗിച്ചാണ് നടത്തി വരുന്നത്. കാന്‍സര്‍ രോഗം തുടക്കത്തിലെ കണ്ടെത്തി തുടര്‍ചികില്‍സ ഉറപ്പുവരുത്തുന്നതിനാണ് പറക്കോട് ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി ശ്രീകുമാര്‍, ഐക്കര ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

date