Skip to main content
കട്ടപ്പനയിൽ മെഗാ പട്ടയമേള റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്ഘാനം ചെയ്യുന്നു. വൈദ്യുതി മന്ത്രി എം എം മണി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്ൻ കൊച്ചുത്രേസ്യാ പൗലോസ്, നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡീൻ കുര്യാക്കോസ് എം പി, റോഷി അഗസ്റ്റിൻ എം എൽ എ , ഇ എസ് ബിജിമോൾ എംഎൽഎ, ജില്ലാ കളക്ടർ എച്ച് ദിനേശൻ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സമീപം.

സാഫല്യമായ് മെഗാ പട്ടയമേള ഇടുക്കിയിലെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നല്കും:  റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ

 

 

അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുമെന്നും ഇതിനായി പട്ടയമേളകൾ തുടരുമെന്നും റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടുക്കി ജില്ലാ മെഗാ പട്ടയമേള, കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരമേറ്റ് മൂന്നര വർഷത്തിനുള്ളിൽ നാല് പട്ടയമേളകളാണ് നടത്തിയത്. 

 

വരുന്ന മാർച്ച് മാസത്തിലും പിന്നീട് വർഷാവസാനവുമായി രണ്ട് പട്ടയമേളകൾ കൂടി നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

മൂന്ന്  ചെയിൻ മേഖലകളിലെ നാലായിരത്തോളം പേർക്ക് പട്ടയം നല്കാനുള്ള ശ്രമം നടന്നു വരുന്നു. കുറ്റിയാർവാലിയിലെ ഭൂപ്രശ്നം പരിഹരിച്ചു വരുന്നു. അർഹരായവരിൽ ആദ്യത്തെ 500 പേർക്ക് ഭൂമി നല്കി കഴിഞ്ഞു. ഇനി 1500 ഓളം പേർക്കുള്ള ഭൂമി വിതരണ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടയ വിതരണത്തിനായി അഹോരാത്രം പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.  കോഴിമല സെറ്റിൽമെന്റ് കോളനിയിലെ രാജപ്പൻ വാഴേപ്പറമ്പിലിന് വനവിഭവ ശേഖരണ അവകാശ രേഖ കൈമാറിക്കൊണ്ട് മന്ത്രി. ഇ ചന്ദ്രശേഖരൻ പട്ടയ വിതരണം  ഉദ്ഘാടനം ചെയ്തു. പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി വിട്ടു നല്കിയ സുമനസുകളെ മന്ത്രി വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

 വൈദുതി വകുപ്പ് മന്ത്രി എം.എം മണി  അധ്യക്ഷത വഹിച്ചു. 10 ചെയിൻ മേഖലകളിൽ പൂർണ്ണമായും പട്ടയം നല്കുന്നതിന് വൈദ്യുതി ബോർഡിന് തടസമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി.

റോഷി അഗസ്റ്റിന്‍ എം എല്‍.എ  സ്വാഗതവും  പറഞ്ഞു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോർട്ടവതരിപ്പിച്ചു.

 ഇ.എസ്. ബിജിമോൾ എംഎല്‍എ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, വാർഡ് കൗൺസിലർ സി.കെ.മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.ശിവരാമൻ, ഇബ്രാഹിംകുട്ടി കല്ലാർ , സി.വി.വർഗീസ്, മാത്യു വർഗീസ്, അനിൽ കൂവപ്ലാക്കൽ,  പ്രൊഫ.എം.ജെ.ജേക്കബ്, ജോസ് പാലത്തിനാൽ, സുബിൻ ബേബി, ജോണി ചെറുപറമ്പിൽ, സബ് കലക്ടർ പ്രേം കൃഷ്ണ, 

എ ഡി എം.ആൻറണി സ്കറിയ,  ആർ ഡി ഒ അതുൽ സ്വാമിനാഥ്, തഹസീൽദാർ വിൻസന്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നാലാമത് പട്ടയമേളയാണിത്.

ജില്ലയിലെ 11 റവന്യു ഓഫീസുകളില്‍ നിന്നായി 8101 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് പട്ടയമേളകളിൽ വിതരണം ചെയ്ത പട്ടയവും കൂടി ചേർത്ത് 28520 പട്ടയങ്ങളാണ് ഇതുവരെ ജില്ലയിൽ വിതരണം ചെയ്തതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ടിൽ പറഞ്ഞു.

 

ഏഴല്ലൂർ, കൊലുമ്പൻകോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉൾപ്പെടെ18 കോളനികളില്‍ താമസിക്കുന്ന 1500 ഓളം പേർക്ക് പട്ടയം ലഭ്യമായി. പട്ടയത്തിനൊപ്പം വസ്തുവിന്റെ സ്‌കെച്ചും  കൂടി വിതരണം ചെയ്തതാണ് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകത.പട്ടയ വിതരണത്തിന് 32 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. 

ഉദ്ഘാടന യോഗത്തിനു മുൻപ് 

പട്ടയം ലഭ്യമാകുന്ന പ്രധാന കോളനികൾ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തുടർന്ന് ആദിവാസി ഗോത്രകലാരൂപമായ മന്നാൻ കൂത്ത് കോഴിമല കോളനിയിൽ നിന്നെത്തിയ കലാകാരൻമാർ അവതരിപ്പിച്ചു.

 

date