Skip to main content

വൈദ്യുതി രംഗത്ത് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റിയെന്ന് മന്ത്രി എം.എം മണി

 

 

ലോഡ് ഷഡിങോ പവ്വര്‍ കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം ഈ സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചുവെന്നും വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും കൂടുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി എം.എം മണി. എറണാകുളം മാഹാരാജാസ് കോളെജില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യതി മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതല്‍ കരുത്ത് നേടി വൈദ്യുതി ബോര്‍ഡ് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഇക്കാലത്ത് വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. പ്രകൃതി ദുരന്തം വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി. അയല്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സൗരോര്‍ജത്തില്‍ നിന്നും കൂടുതല്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കും. 200 മെഗാവാട്ട് ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.1000 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. കൂടുംകുളം ലൈന്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. മാടക്കത്തറ ലൈനും താമാസിയാതെ പൂര്‍ത്തിയാകും. വൈദ്യുതി കമ്മിയുണ്ടാകുന്ന സമയത്ത് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടുവരാനുള്ള സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി.ജി വിനോദ് എം.എല്‍.എ അധ്യക്ഷനായിരുന്നു. എം.എല്‍.എ മാരായ കെ.ജെ മാക്‌സി, പി.റ്റി. തോമസ്, വി.പി സചീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, എസ്. ശര്‍മ,  ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലിം, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

 

പരാതി പരിഹരിക്കാന്‍ വൈദ്യുതി അദാലത്ത്

 

വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാനത്ത്  സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ അഞ്ചാമത്തേത് എറണാകുളം മഹാരജാസ് കോളെജില്‍ നടന്നു. ആദാലത്തിന്റെ തുടക്കത്തില്‍ പരിഹൃതമായ പരാതികള്‍ സംബന്ധിച്ച പരിഹാര സാക്ഷ്യപത്രം മന്ത്രി എം.എം മണി നേരിട്ട് ഉപഭോക്താക്കള്‍ക്ക നല്‍കി. വൈദ്യുതി കണക്ഷന്‍, ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, വീട് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന പോസ്റ്റുകളും ലൈനുകളും, കറന്റ് ചാര്‍ജ് കുടിശിക തുടങ്ങിയ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 2000ത്തോളം പരാതികളാണ് അദാലത്ത് പരിഗണിക്കുന്നത്. ഉപഭോക്താക്കള്‍ക്ക്  രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി ഇലക്ടിക്കല്‍ ഡിവിഷന്‍ അടിസ്ഥനത്തിലാണ് പരാതികള്‍ അദാലത്തില്‍ പരിഗണിച്ചത്. ഓരോ പരാതിയും അദാലത്ത്  കമ്മറ്റി വിശദമായി പരിശോധിച്ചാണ് തീര്‍പ്പാക്കിയത്.

date