Skip to main content

ജില്ലയില്‍ പോക്‌സോ കോടതികള്‍ക്ക് സ്ഥലം കണ്ടെത്തുന്ന നടപടി വേഗത്തിലാക്കും: ജില്ലാ വികസന സമിതി യോഗം.

 

 

ജില്ലയില്‍ മൂന്ന് പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി യാത്രാസൗകര്യം ഉള്ള സ്ഥലങ്ങള്‍/ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. 2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് സ്ഥലം കണ്ടെത്തേണ്ടത്. വകുപ്പുകളുടെ അധീനതയില്‍ ഏതെങ്കിലും കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് എ.ഡി.എം. ടി.വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇറിഗേഷന്‍, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തൊഴില്‍വകുപ്പ് എന്നിവരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.

മുതലമട മാംഗോ ഹബിനും മറ്റ് അനുബന്ധ പ്രോജക്റ്റുകള്‍ക്കുമായി 700 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിളവ് കുറവും കാലാവസ്ഥയിലെ പ്രശ്‌നവും പ്രതികൂല സാഹചര്യങ്ങളായി നില്‍ക്കുന്നതായും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് പരമാവധി ഗുണം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

റൈസ് പാര്‍ക്കുമായി ബന്ധപ്പെട്ട് റൈസ് കേരള ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി കിറ്റ്‌കോ 35.02 കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട ജില്ലയില്‍ ഏറ്റെടുക്കേണ്ട 1660 ഏക്കര്‍ സ്ഥലത്തില്‍ 1160 ഏക്കറിന് ഭരണാനുമതി ലഭിച്ചതായും ബാക്കി 500 ഏക്കര്‍ സ്ഥലം ഭരണാനുമതി ലഭിക്കുന്നതിന് സമര്‍പ്പിച്ചതായും കിന്‍ഫ്ര പാര്‍ക്ക് മാനേജര്‍ അറിയിച്ചു.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നിലവില്‍ ജില്ലയില്‍ 91 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഉള്ളതായും നാല് പഞ്ചായത്തുകളില്‍ കൂടി കലക്ഷന്‍ സെന്ററുകള്‍ ആവശ്യമാണെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലയില്‍ 164428 വീടുകളില്‍ മാലിന്യസംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ചു.   തിരുവനന്തപുരത്ത് നടന്ന ശുചിത്വ മികവ് സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങള്‍, ബദല്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം എന്നിവ ജില്ലയില്‍ സജീവമാക്കുമെന്നും കോഡിനേറ്റര്‍ അറിയിച്ചു.

ലൈഫ് മിഷന്‍ ജില്ലയില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി 15646 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇത് കൂടാതെ പി.എം.എ.വൈ പദ്ധതി പ്രകാരം 4238 വീടുകളും പൂര്‍ത്തിയാക്കി. മൂന്നാം ഘട്ടത്തില്‍ വീടും സ്ഥലവും ഇല്ലാത്ത 10486 ഗുണഭോക്താക്കളെ കണ്ടെത്തിയതായും ഇവര്‍ക്കായി ജില്ലയില്‍ 45 ഏക്കര്‍ സ്ഥലം കണ്ടെത്തി സര്‍ക്കാരിന് പ്രോപ്പോസല്‍ സമര്‍പ്പിച്ചതായും ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷനായ യോഗത്തില്‍ എം.എല്‍.എ. മാരായ മുഹമ്മദ് മുഹ്‌സിന്‍, കെ.ഡി. പ്രസേനന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date