Skip to main content

കാര്‍ഷിക  യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാം ഘട്ടം: കാര്‍ഷിക യന്ത്രങ്ങളുടെ  അറ്റകുറ്റപണി പരിശീലന പരിപാടി

സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനും  കൃഷി വകുപ്പ്  എഞ്ചിനീയറിംഗ്   വിഭാഗവും ചേര്‍ന്ന്  നടപ്പാക്കുന്ന 'കാര്‍ഷിക
യന്ത്രപരിരക്ഷണ യജ്ഞം (രണ്ടാം ഘട്ടം) പന്തളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി)  കാര്യാലയത്തില്‍ ജനുവരി 27ന്   ആരംഭിക്കും.  പത്തനംതിട്ട ജില്ലയിലെ  കാര്‍ഷിക സേവന കേന്ദ്രം , കാര്‍ഷിക  കര്‍മസേനകളുടെ  കീഴിലുളള  കാര്‍ഷിക യന്ത്രങ്ങളുടെ  അറ്റകുറ്റ പണികളും  പ്രവര്‍ത്തി പരിചയ പരിശീലനവുമാണ്  പദ്ധതിയുടെ പ്രധാന ലക്ഷ്യം.  
ജില്ലയിലെ മൂന്ന് അഗ്രോ സര്‍വീസ്  സെന്ററില്‍ നിന്നും  ഏഴ് കാര്‍ഷിക കര്‍മസേനകളില്‍ നിന്നും  തിരഞ്ഞെടുത്ത 20 പേര്‍ക്ക് 12 ദിവസത്തെ പരിശീലനം നല്‍കും. കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക  യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തനസജ്ജമാക്കി കാര്‍ഷിക  കര്‍മസേനകള്‍ക്കും  കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും കൈമാറും.
കാര്‍ഷിക യന്ത്ര  പരിരക്ഷണ യജ്ഞം  ആദ്യഘട്ടത്തില്‍  ജില്ലയിലെ മൂന്ന് അഗ്രോ സര്‍വീസ് സെന്റര്‍, അഞ്ച്  കാര്‍ഷിക കര്‍മസേനകള്‍  എന്നിവിടങ്ങളില്‍ നിന്നും 15 പേര്‍ 12 ദിവസം നീണ്ടു നിന്ന  കാര്‍ഷിക  യന്ത്ര അറ്റകുറ്റപണി പരിശീലന പരിപാടിയില്‍ പങ്കെടുത്ത്  വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയിലെ കാര്‍ഷിക സേവന കേന്ദ്രം, കാര്‍ഷിക കര്‍മ സേനകളുടെ ഉടമസ്ഥതയിലുളള കേടുപാടുകള്‍  പറ്റിയതും  പ്രളയസമയത്ത്  പ്രവര്‍ത്തനരഹിതവുമായ  25  ലക്ഷത്തിലധികം  രൂപയുടെ  കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യമായി  അറ്റകുറ്റപണി ചെയ്ത്  പ്രവര്‍ത്തനയോഗ്യമാക്കി അതത് സെന്ററുകള്‍ക്ക്  തിരിച്ച് ഏല്‍പ്പിച്ചിരുന്നു.

സംസ്ഥാന  കാര്‍ഷിക  യന്ത്രവല്‍കരണ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക  ഗവേഷണ കേന്ദ്രത്തിലെ ഡോ. യു. ജയകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് എഞ്ചിനീയര്‍  എസ്.വി അനൂപ്,  ഭക്ഷ്യസുരക്ഷ സേനയിലെ  രണ്ടു സീനിയര്‍  മാസ്റ്റര്‍ ട്രെയിനര്‍മാരായ  സി.പി ജാക്സണ്‍, കെ.എന്‍ ആദില്‍, കാര്‍ഷിക യന്ത്രവല്‍കരണ മിഷന്റെ  രണ്ട്  കാര്‍ഷിക, മെക്കാനിക് ട്രെയിനര്‍മാരായ  പി.ജെ അമല്‍, റോബിന്‍ റെന്നി  എന്നിവരടങ്ങുന്ന   അഞ്ച് അംഗസംഘമാണ് പരിശീലന പരിപാടിക്ക് നേതൃത്വം  നല്‍കുന്നത്.  ഇതിനു പുറമെ  പത്തനംതിട്ട  കൃഷി എഞ്ചിനീയറിംഗ്  വിഭാഗം മേധാവി അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയര്‍ (കൃഷി) ജി. ജയപ്രകാശ്, മെക്കാനിക് വിഭാഗവും ഈ യജ്ഞത്തിനൊപ്പം  പങ്ക്  ചേരുന്നുണ്ട്.

 രണ്ടാം ഘട്ടത്തില്‍  പാടശേഖര സമിതികളുടെയും  കര്‍ഷകരുടെയും കാര്‍ഷിക യന്ത്രങ്ങള്‍   സൗജന്യമായി  അറ്റകുറ്റപണി  തീര്‍ത്ത്  പ്രവര്‍ത്തന ക്ഷമമാക്കും. സ്പെയര്‍ പാര്‍ട്സിന്റെ  ചെലവ്  യന്ത്രങ്ങളുടെ  ഉടമസ്ഥര്‍ വഹിക്കണം. യന്ത്രവല്‍കരണത്തിലൂടെ  ചെലവു കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ക്ക്  മികച്ച വിളവ് ലഭിക്കുന്നതിനും  സ്വകാര്യ ഏജന്‍സികളുടെ  അമിതകൂലി  ഈടാക്കുന്നതിനെ  നിയന്ത്രിക്കാനും ഈ യജ്ഞം  വഴിയൊരുക്കും.    പൂര്‍ണമായും  യന്ത്രവല്‍കൃതമായ കൃഷി രീതികള്‍ അവലംബിക്കുക വഴി  കര്‍ഷകരെ കൃഷിയിലേക്ക്  തിരിച്ച്  കൊണ്ടുവരിക  എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയര്‍ (കൃഷി) കാര്യാലയം പന്തളത്ത് 'കാര്‍ഷിക  യന്ത്ര പരിരക്ഷണ യജ്ഞം (രണ്ടാംഘട്ടം ) 'പരിശീലന പരിപാടി ആരംഭിക്കുന്നത്.
 

date