Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്ത്രീ ശാക്തീകരണവുമായി ജെന്റില്‍ വുമണ്‍:  ഉദ്ഘാടനം 27ന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ പോലീസ്  എന്നിവരുടെ സഹകരണത്തോടെ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതി ജെന്റില്‍ വുമണിന്റെ ഉദ്ഘാടനം  ജനുവരി 27 (തിങ്കളാഴ്ച) രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര നിര്‍വ്വഹിക്കും.  കല്യാശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും.  
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 5000 വനിതകള്‍ക്ക് പരിശീലനം നല്‍കും. വനിതസെല്‍ സി ഐ നിര്‍മ്മലയുടെ നേതൃത്വത്തില്‍ 50 പേരടങ്ങിയ പരിശീലനം നേടിയ വനിതാ പോലീസുദ്യോഗസ്ഥരും നിര്‍ഭയ വളണ്ടിയര്‍മാരുമാണ് സ്ത്രീകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീ ശുചിത്വം, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും  നടക്കും. ഫെബ്രുവരി മാസത്തോടെ  പഞ്ചായത്തിലെ  18 വാര്‍ഡുകളിലുമുള്ള കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിക്കും.  ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് പി പി ദിവ്യ ചെയര്‍മാനും കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന കണ്‍വീനറുമായുള്ള സമിതിയാണ് ജെന്റില്‍ വുമണ്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

 

 ആദിശ്രീ-  സാക്ഷരത തുടര്‍ വിദ്യാഭ്യാസ പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന  സാക്ഷരതമിഷനും ആറളത്തുള്ള പട്ടിക വര്‍ഗ പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന 'ആദിശ്രീ' പദ്ധതിയുടെ ഭാഗമായി സാക്ഷരത തുടര്‍ വിദ്യാഭ്യാസ പരിശീലനം സംഘടിപ്പിച്ചു. ഡയറ്റിയുടെയും  ജില്ലാ സാക്ഷരതമിഷന്റെയും നേതൃത്വത്തില്‍ ജനുവരി 24, 25 തീയതികളിലായിരുന്നു പരിശീലനം.  പരിപാടിയില്‍ തെരെഞ്ഞെടുത്ത  30 ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി.
സംസ്ഥാന  സാക്ഷരതമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ഡോ മനോജ് സെബാസ്റ്റ്യന്‍,  ഡയറ്റിലെ  അധ്യാപകന്‍ രമേശന്‍ കട്ടൂര്‍,  ആര്‍ രമേഷ് കുമാര്‍, ഡോ. ജി കുമാരന്‍ നായര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.   കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ നോബിള്‍,  ജിജിന എന്നിവര്‍  പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ഇന്ത്യ എന്ന റിപ്പബ്ലിക്:  230 കോളനികളില്‍ ഭരണഘടനയുടെ
ആമുഖം വായിച്ചു

സംസ്ഥാന  സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന'ഇന്ത്യ എന്ന റിപ്പബ്ലിക് '  പരിപാടിയുടെ ഭാഗമായി ജില്ലയിലെ 230 കോളനികളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, സാമൂഹിക പ്രവര്‍ത്തന പഠിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.  

 

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ  പ്രവര്‍ത്തനം  നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ ഫിഷറീസ് വിഷയത്തില്‍ ബിരുദം/ സുവോളജി ബിരുദം/ എസ്എസ്എല്‍സി, കുറഞ്ഞത് മൂന്ന്  വര്‍ഷം അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  20നും 56 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫീഷറീസ് കോംപ്ലക്‌സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0497 2731081  
 

 

ക്വട്ടേഷന്‍ ക്ഷണിച്ചു
മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗികാവശ്യത്തിനായി എസ്‌യുവി വിഭാഗത്തില്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ പ്രതിമാസം പരമാവധി 3000 കിലോമീറ്റര്‍ ഓടുന്നതിന് മാസ വാടക അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. വാഹനങ്ങള്‍ വാടക വ്യവസ്ഥയില്‍ കരാര്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ ജനുവരി 30ന് വൈകിട്ട് ആറ് മണിക്ക് മുമ്പായി ക്വട്ടേഷനുകള്‍ കണ്ണൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ എത്തിക്കണം. വിശദവിവരങ്ങള്‍ കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നോ 9447850529 എന്ന  നമ്പറിലോ ലഭിക്കും.

സ്റ്റാഫ് നഴ്‌സ് ഒഴിവ്
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്  കീഴിലെ അഴീക്കോട് സിഎച്ച്‌സിയില്‍ സ്റ്റാഫ് നഴ്‌സിന്റെ താല്‍ക്കാലിക നിയമന ഒഴിവിലേക്ക് ജനുവരി 29 ബുധനാഴ്ച കണ്ണൂര്‍ ബ്ലോക്ക്  പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04972747822
 

 

പുനര്‍ലേലം
ചെറുതാഴം- കുറ്റൂര്‍- പെരിങ്ങോം റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടി വന്ന  വിവിധ മരങ്ങളുടെ പുനര്‍ലേലം ജനുവരി 31ന്  രാവിലെ 11 മണിക്ക് പയ്യന്നൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പയ്യന്നൂര്‍ പെരുമ്പയിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലോ 04985 209954 എന്ന നമ്പറിലോ ലഭിക്കും.

വയോജന സുരക്ഷ; യോഗം ഞായറാഴ്ച
വയോജന സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇന്ന് ( ജനുവരി 26 ഞായറാഴ്ച) പോലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാരെ പങ്കെടുപ്പിച്ച് യോഗം നടക്കും. തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളും നിര്‍ദേശങ്ങളും നല്‍കി വയോജന സുരക്ഷ ഉറപ്പു വരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.

വാഹന ഗതാഗതം നിരോധിച്ചു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ നായ്ക്കാലി പാലം മുതല്‍ മണ്ണൂര്‍ പാലം വരെയുള്ള ഭാഗത്ത് ബിറ്റുമിനസ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ 26,27 തീയതികളില്‍ ഈ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മട്ടന്നൂരില്‍ നിന്നും ഇരിക്കൂറിലേക്ക് പോകുന്ന വാഹനങ്ങള്‍ നായ്ക്കാലി- ഇരിക്കൂര്‍ റോഡ് വഴിയും ഇരിക്കൂറില്‍ നിന്നും മട്ടന്നൂരിലേക്കുള്ള വാഹനങ്ങള്‍ മട്ടന്നൂര്‍ പൊറോറ റോഡ് വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

 

date