Skip to main content
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും, എം സി എഫ് കെട്ടിടത്തിന്റെയും തുരുത്തിയിലെ പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുന്നു

കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍ പാപ്പിനിശ്ശേരിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കൃഷിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനായി വ്യവസായ വകുപ്പിന് കീഴില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും എം സി എഫ് കെട്ടിടത്തിന്റെയും തുരുത്തിയിലെ പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിരീതികളും കാര്‍ഷിക വിളകളും ഉണ്ട്. അവ കണ്ടെത്തുകയാണ് ആദ്യപടി. ശേഷം പഞ്ചായത്തുകളിലെ തരിശു ഭൂമികള്‍ കണ്ടെത്തി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത് ഇവയ്ക്ക് കയറ്റുമതിയിലൂടെ വിപണന സാധ്യതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിപണന സാധ്യതയ്ക്ക് സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്തുമ്പോള്‍ കൃഷി നടത്തിപ്പിനായി കുടുംബശ്രീയെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അതുവഴി കുടുംബശ്രീക്കും വരുമാനം കണ്ടെത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.
      പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം. മാലിന്യ ശുചീകരണം വ്യക്തിഗത പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനി പദ്ധതിയുടെ ഭാഗമായുള്ള തൈകളുടെ വിതരണവും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
     അസൗകര്യങ്ങില്‍ വീര്‍പ്പ് മുട്ടിയിരുന്ന കൃഷിഭവന് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 28 ലക്ഷം രൂപ ചിലവില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന ഹാളോട് കൂടിയാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
      2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അജൈവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചത്. പഞ്ചായത്തിലെ 46 ഹരിത കര്‍മ്മ സേന മുഖേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് 19 ലക്ഷം രൂപ ചിലവില്‍ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചത്.
         അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് പഞ്ചായത്ത് ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതി. 2017- 18 വര്‍ഷത്തെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തുകയായ 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. രണ്ട് ടര്‍ഫ് കോര്‍ട്ടും, ബാസ്‌കറ്റ് ബോള്‍, ഷട്ടില്‍, വോളിബോള്‍, കോര്‍ട്ട്, ഗ്യാലറി ഉള്‍പ്പടെ വിപുലമായാണ് ഗ്രൗണ്ട് നവീകരണം ലക്ഷ്യം വെക്കുന്നത്.
   ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട്  കെ നാരായണന്‍ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി റീന, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വേണുഗോപാലന്‍, പി വി മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പി ലീല, എ മഹേഷ്, തദ്ദേശ സ്ഥാപന അംഗങ്ങള്‍, പാപ്പിനിശ്ശേരി അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍ ബി പ്രശോഭ്, ഡിഡിപി ടി ജെ അരുണ്‍, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി കെ ബി ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

date