Skip to main content
റിഥം 2020 — ഹൃദ്യം കുട്ടികളുടെ സംഗമം കണ്ണൂർ ജൂബിലി ഹാളിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

ഹൃദയത്തോട് ചേര്‍ത്ത് റിഥം ഹൃദ്യം ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ഹൃദ്യം പദ്ധതിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമം കണ്ണൂര്‍ ജൂബിലി ഹാളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്ന ഉണര്‍വ് പദ്ധതിക്കും തുടക്കമായി. ഹോര്‍മോണ്‍ ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഹോര്‍മോണ്‍ ചികിത്സ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അഞ്ചു കുട്ടികളുടെ ചികിത്സ ഏറ്റെടുത്തു കഴിഞ്ഞു.കേരളത്തില്‍ ശിശു മരണ നിരക്ക് കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അറുപത്തിയാറു പ്രസവകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.ഹൃദ്യം പദ്ധതിയില്‍ 1700 കുട്ടികളുടെ ശസ്ത്രക്രിയ നടന്നു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 459 കേസുകളില്‍ 145 ശസ്ത്രക്രിയകള്‍ ചെയ്തു. നിരവധി കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം മന്ത്രി പങ്കുവെച്ചു.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഉടന്‍ റിപ്പോര്‍ട് ചെയ്യുന്ന ഉണര്‍വ് പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കതിരുര്‍, ചെറുതാഴം പഞ്ചായത്തുകളില്‍ പൈലറ്റ് പ്രൊജക്ടായി  നടപ്പാക്കിയ പദ്ധതിയാണ് ഉണര്‍വ്. ഇതില്‍ കുട്ടികളുടെ വളര്‍ച്ച, പോഷണകുറവ്, മറ്റ് ആരോഗ്യസ്ഥിതി വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനായി ആര്‍ബിഎസ്‌കെ നഴ്സുമാര്‍ക്ക് ടാബുകളും വിതരണം ചെയ്തു. ഈ വിവരങ്ങള്‍ ജില്ല ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററിലെ പീഡിയാട്രീഷന്‍ പരിശോധിച്ച ശേഷം വിദഗ്ധ അഭിപ്രായത്തിനായി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുന്നതാണ് പദ്ധതി. വളര്‍ച്ച ഹോര്‍മോണ്‍ അഭാവം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ച് കുട്ടികള്‍ക്കും ഹീമോഫീലിയ രോഗബാധിതരായ രണ്ട് കുട്ടികള്‍ക്കും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മരുന്നുകള്‍ ലഭ്യമാക്കും.
ജൂബിലിഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ഡിപിഎം ഡോ. കെ വി ലതീഷ്, കലക്ടര്‍ ടി വി സുഭാഷ്, ഡിഎംഒ കെ നാരായണ നായ്ക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സ്വാഗതവും കെ വി പ്രസീത നന്ദിയും പറഞ്ഞു. ഹൃദ്യം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
 

date