Skip to main content

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ അയ്മനോത്സവം 2020

പ്രളയക്കെടുതികള്‍ നേരിട്ട അയ്മനത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെയും അയ്മനം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷികമേള - അയ്മനോത്സവം 2020 ജനുവരി 29 മുതല്‍ 31 വരെ നടക്കും. 30 ന് രാവിലെ 9.30ന് അയ്മനം പുത്തന്‍തോട് ഐക്കരച്ചിറപ്പള്ളി പാരിഷ് ഹാളില്‍ തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും.

 
സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 31 ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.

കര്‍ഷകര്‍ക്ക് നടീല്‍ മാതൃകകളും വിത്തുകളും മുതല്‍ നൂതന സാങ്കേതിക വിദ്യകള്‍ വരെ പരിചയപ്പെടാന്‍ അവസരമൊരുക്കുന്ന പരിപാടിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭകരുടെയും പ്രദര്‍ശന സ്റ്റാളുകള്‍, കാര്‍ഷികയന്ത്ര പ്രദര്‍ശനങ്ങള്‍, വിപണനമേള എന്നിവയുമുണ്ടാകും.  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാര്‍ഷിക ക്വിസ്, ചിത്രരചന, കൃഷിപ്പാട്ടുകള്‍ മുതിര്‍ന്നവര്‍ക്കായി ഓലമെടയല്‍, വല വീശല്‍, ചൂണ്ടയിടീല്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. 

ജൈവകൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വരിനെല്ല് കൃഷി, നാളികേര രോഗകീട നിയന്ത്രണം, മത്സ്യകൃഷി, പാലുത്പ്പന്നങ്ങള്‍, ചോക്ലേറ്റ്  നിര്‍മ്മാണം എന്നിവയെക്കുറിച്ച്  ക്ലാസ്സുകളും സെമിനാറുകളും നടത്തും. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തില്‍ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. പി.വി.ഗംഗാധരന്‍ ക്ലാസെടുക്കും.

കാര്‍ഷിക വിഭവങ്ങളുടെ ഞാറ്റുവേലച്ചന്തയും മണ്ണു പരിശോധനയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് വായ്പ എന്നിവയെക്കുറിച്ച് അറിയുന്നതിനായുള്ള ഹെല്‍പ്പ് ഡെസ്‌കും സജ്ജീകരിക്കും.

date