Skip to main content

ഇന്ത്യയുടെ ശക്തി മതനിരപേക്ഷ സംസ്‌കാരം: മന്ത്രി സി.രവീന്ദ്രനാഥ്

*സാക്ഷരതാമിഷൻ 'ഇന്ത്യ എന്ന റിപ്പബ്ലിക്' പരിപാടി സംഘടിപ്പിച്ചു
വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.  രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഈ വൈവിധ്യങ്ങളുടെ ചരിത്രത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ പിറവി. ലോകത്തെവിടെയും ഇന്ത്യക്കാരൻ ആദരിക്കപ്പെടുന്നത് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സംസ്‌കാരം കൊണ്ടാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിനേരിടുന്ന ഇക്കാലത്ത്  ഭരണഘടനാ സാക്ഷരത എല്ലാരിലും എത്തിക്കാനുള്ള കടമ ഓരോ ഇന്ത്യക്കാരനുമുണ്ട്. സാക്ഷരതാമിഷന്റെ 'ഇന്ത്യ എന്ന റിപ്പബ്ലിക്' ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിമൻസ് കോളജിൽ നടക്കുന്ന പ്രദർശനവും പ്രഭാഷണ പരമ്പരയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള പൂർണതയാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദർശനം. ഈ ഒരുമയുടെ സന്ദേശമാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത. പ്രകൃതിയുടെ അടിത്തറയും വൈവിധ്യത്തിലാണ്. വൈവിധ്യങ്ങളുടെ സമഷ്ടിയിലാണ് പ്രകൃതി നിലനിൽക്കുന്നത്. നമ്മുടെ ഭരണഘടനയും അങ്ങനെതന്നെയാണ്. വരും തലമുറകളുടെ സുരക്ഷയും ഭരണഘടനയിൽ തന്നെ. ഭരണഘടനാ സാക്ഷരതയെ ജനകീയ വിദ്യാഭ്യാസപരിപാടിയാക്കി മാറ്റിയെടുക്കാൻ ഓരോ പൗരനും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
   'നമ്മുടെ ഭരണഘടനയും പൗരാവകാശങ്ങളും'. എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല അസോ. പ്രൊഫ.ഡോ.കെ.എസ്. മാധവനും  'സ്ഥിതിസമത്വവും സാമ്പത്തിക വ്യവസ്ഥയും' എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ.ടിഎൻ സീമയും പ്രഭാഷണം നടത്തി. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല, നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു,  വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജി.വിജയലക്ഷ്മി,  ചരിത്രവിഭാഗം മേധാവി മനോജ് തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്.399/2020

date