Skip to main content

ലൈഫ് മിഷന്‍-പി എം എ വൈ ജില്ലയില്‍ ആശ്വാസമേകിയത് 7010 കുടുംബങ്ങള്‍ക്ക് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു

അന്തിയുറങ്ങാന്‍ ഒരിടമെന്നതിനപ്പുറം ഗുണഭോക്താക്കളെ ഉപജീവനമടക്കമുള്ള എല്ലാ സാമൂഹിക പ്രക്രിയകളിലും പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ലൈഫ് മിഷന്‍-പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ എം സി കമറുദ്ദീന്‍, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത്, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു സംബന്ധിച്ചു. ലൈഫ് മിഷന്‍ ആദ്യഘട്ടത്തിലുള്‍പ്പെട്ട 2936 വീടുകളില്‍ 2877 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ 38 പഞ്ചായത്തുകളിലായി 2589 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയായി. 774 വീടുകളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു. ആകെ യോഗ്യരായ 3738 ഗുണഭോക്താക്കളില്‍ നിന്നും 3404 പേരാണ് രേഖകള്‍ കൈമാറി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളത്. ബാക്കി 41 പേരുടെ ഭൂമി തീരദേശ നിയന്ത്രണ മേഖല, നീര്‍ത്തട പ്രദേശമടക്കമുള്ള സാങ്കേതി പ്രശ്നമുള്ള മേഖലയായതിനാല്‍  നിര്‍മാണമാരംഭിച്ചിട്ടില്ല. പി എം എ വൈ റൂറല്‍ വിഭാഗത്തില്‍ 583 വീടുകളില്‍ 566 വീടുകളും പി എം എ വൈ അര്‍ബന്‍ വിഭാഗത്തില്‍ മൂന്ന് നഗരസഭകളിലായി 1520 വീടുകളില്‍ 978 വീടുകളും നിര്‍മിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്ത്-നഗരസഭകളിലെ ഓരോ ഗുണഭോക്താക്കളെ വീതം ചടങ്ങില്‍ ഉപഹാരം നല്‍കി ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പനത്തടി, കുറ്റിക്കോല്‍ പഞ്ചായത്തുകളെയും പരപ്പ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളെയും ഉപഹാരം നല്‍കി ആദരിച്ചു. പദ്ധതി ഫലപ്രദമായി നടപ്പാക്കിയ നിര്‍വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.

അനുവദിച്ചത് 73.64 കോടി രൂപ

ഭവന നിര്‍മാണ പദ്ധതിക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 73.64 കോടി രൂപയാണ് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 8,94,26,694 രൂപയും ഹഡ്കോ വായ്പാ ഇനത്തില്‍ 46,57,11,778 രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 18,12,95,875 രൂപയും ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ലൈഫ് പി എം എ െവെ (ഗ്രാമീണ്‍) ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേനയും ലൈഫ് പി എം എ വൈ (അര്‍ബന്‍) നഗരസഭകള്‍ മുഖേനയും നടപ്പിലാക്കിവരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ലൈഫ് പിഎംവൈ പദ്ധതി പ്രകാരം കേന്ദസര്‍ക്കാര്‍ 1.5 ലക്ഷം നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് നാല്  ലക്ഷമാക്കഗുണഭോക്താക്കളിലെത്തിക്കുന്നു. പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ ഇപ്പോള്‍ നല്‍കിവരുന്ന 4 ലക്ഷത്തില്‍ 72,000 രൂപ മാത്രമാണ് കേന്ദ്ര വിഹിതം.

ലൈഫ് മിഷന്‍ ഭവനം

അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഭവനനിര്‍മാണ പുരോഗതി അനുസരിച്ച് നാല് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. എന്നാല്‍ വിദൂര സങ്കേതങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം രൂപ നിരക്കില്‍ ഭവന നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കുന്നു. 12 വ്യത്യസ്ത ഭവന നിര്‍മാണഡിസൈനുകളില്‍ ഏതെങ്കിലും ഒരു ഡിസൈന്‍ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. ത്രിതല പഞ്ചായത്ത് വിഹിതമായി 80,000 രൂപയും ഹഡ്കോ വായാ വിഹിതമായി 2,20,000 രൂപയും സംസ്ഥാന വിഹിതമായി 1,00,000 രൂപയും ചേര്‍ത്താണ് 4 ലക്ഷം രൂപ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക അനുവദിച്ചു നല്‍കുക. ഭവനനിര്‍മാണ പുരോഗതിക്കനുസരിച്ച് ഓരോ ഗഡുവും ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളാണ്. ധനസഹായത്തിന് പുറമെ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ധ തൊഴിലും ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഫ്ളാറ്റ് നിര്‍മാണം: നടപടികള്‍ പുരോഗമിക്കുന്നു

ജില്ലയിലെ ഭൂരഹിതരായ ഭവനരഹിതരെ കണ്ടെത്തി പാര്‍പ്പിടം നല്‍കുകയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം. ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ ചട്ടഞ്ചാല്‍ എന്ന സ്ഥലത്ത് കണ്ടെത്തിയ ഭൂമി പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റ് നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയില്‍ കോട്ടപ്പുറത്ത് കണ്ടെത്തിയ 50സെന്റ് സ്ഥലത്ത് ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയ നിര്‍മാണത്തിന് പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ  ഭവന സമുച്ചയത്തിനായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ അനുയോജ്യത പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഭൂരഹിത ഭവന രഹിതരായ 12,081 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും 8751 ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ചതില്‍ 455 പേരെ രണ്ടാംഘട്ടത്തിലേക്ക് മാറ്റുകയും 2730 പേര്‍ മൂന്നാം ഘട്ടത്തിലേക്ക് അര്‍ഹരായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

 

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും:  മന്ത്രി ഇ ചന്ദ്രശേഖരന്‍

 

സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ സാങ്കേതിക കാരണങ്ങളാലും മറ്റും ഇനിയും ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ലൈഫ് മിഷന്‍-പിഎംഎവൈ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ഭവന രഹിതരുടെയും വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  ലൈഫ് പദ്ധതി പ്രകാരം ഇതിനോടകം തന്നെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.  കേവലം വീട് നല്‍കി വിടാടെ ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കൂടി നല്‍കുന്നതിന് ജില്ലകള്‍ തോറും കുടുംബസംഗമവും അദാലത്തും നടത്തിയിരുന്നു. ഇതിലൂടെ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള നിരവധി സേവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. അസംസ്‌കൃത വസ്തുക്കള്‍വില കുറച്ച് നല്‍കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി. അര്‍ഹരായ ഭവന രഹിതര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗമാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ആവിഷ്‌കരിച്ചത്. ഇതിലൂടെ വിട് സ്വപ്നം കണ്ടവര്‍ക്ക് പുത്തനുണര്‍വും പുതിയ അനുഭവവും പകര്‍ന്ന് നല്‍കാനായി.  ലൈഫ് മിഷന്റെ മൂന്നാം ഘട്ടമായ ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വീട് നല്‍കാനുള്ള നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതു പ്രകാരം അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഫ്ളാറ്റ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ഭവനരഹിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുമ്പോള്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ ഗുണഭോക്താക്കളും പൊതുസമൂഹവും പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഭവന സമുച്ചയങ്ങള്‍ക്ക് പ്രഥമ പരിഗണന

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ആസൂത്രണം ചെയ്ത ഭവന സമുച്ചയങ്ങള്‍ക്ക് സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്ന് വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത് പറഞ്ഞു. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമത്തില്‍ ലൈഫ് മിഷന്‍ ഉദ്ദേശ്യം, ലക്ഷ്യം സാക്ഷാത്കാരം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം ഘട്ടം നടപ്പാക്കാന്‍ വളരെയേറെ വെല്ലുവിളികളാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. നിലവില്‍ ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമുള്ള സാഹചര്യമുണ്ട്. എന്നിരുന്നാലും ഭവനരഹിതരുടെ പ്രയാസങ്ങള്‍ മുന്നില്‍ കണ്ട്  ഭവനസമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ കാസര്‍കോട് ജില്ലയില്‍ മികച്ച രീതിയിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അടച്ചുറപ്പുള്ള വീടായി; നിറഞ്ഞ ചിരിയോടെ ചന്ദ്രികയും കുടുംബവും

 

ഓല വീട്ടിലെ രണ്ട് മുറികളില്‍ താമസിച്ചുവന്ന കള്ളാര്‍ പഞ്ചായത്തിലെ കൊള്ളിക്കൊച്ചിയില്‍ ചന്ദ്രികാ രാജന്റെ കുടുംബത്തിന് ആശ്വാസമായത് ലൈഫ് മിഷന്‍. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയ ഈ കുടുംബത്തിനാണ് മികച്ച പട്ടികവര്‍ഗ ഗുണഭോക്താവിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചത്. രണ്ട് പെണ്‍ മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത മുറിയില്‍ ജീവിതം കഴിച്ചു കൂട്ടിയ മാതാപിതാക്കളുടെ മുഖത്ത് നിറഞ്ഞ സന്തോഷം. സ്വന്തമായി അടച്ചുറപ്പുള്ള മികച്ച സൗകര്യങ്ങളോട് കൂടിയ വീട് സ്വപ്നം കണ്ടിരുന്ന കുടുംബത്തിന് ഇനി നല്ല നാളുകള്‍. പഠിച്ചു വളരുന്ന മക്കള്‍ക്ക് വെളിച്ചമുള്ള സൗകര്യമുള്ള വീടാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ പണം നല്‍കിയ ശേഷം പെട്ടെന്ന് വീട് പണി പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കാണ് ജില്ലാതല അനുമോദനം നല്‍കിയത്. സര്‍ക്കാറിന്റെ കരുതലിന് നന്ദിപറയുകയാണ് ഇവര്‍.

ലൈഫ്; ബേഡഡുക്കയിലെ മാക്കത്തിന്റേയും മക്കള്‍ക്കളുടേയും ജീവിതം ഇനി സുരക്ഷിതം

 

ബേഡഡുക്കയിലെ മാക്കത്തിന് വയസ്സ് 50. പ്രായത്തിന്റെ ആധിക്യത്തിലും ആടു വളര്‍ത്തി ഉപജീവനം നടത്തുകയാണ് ഈ അമ്മ. 23 വര്‍ഷമായി ഒറ്റമുറിയുള്ള ഓലപ്പുരയിലായിരുന്നു മാക്കവും മക്കളും കഴിഞ്ഞത്.  രണ്ട് മക്കളെ പഠിപ്പിക്കാനുള്ള ശേഷി അമ്മയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാക്കത്തിന്റെ മൂത്തമകള്‍ പത്താതരത്തില്‍ പഠനം നിര്‍ത്തി ആട് വളര്‍ത്താന്‍ അമ്മയ്ക്കൊപ്പം കൂടി.ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയിലെ മികച്ച വളണ്ടിയറാണ് അവര്‍. കാറഡുക്ക പഞ്ചായത്തില്‍ പകല്‍ വീടുകള്‍ സജീവമാകുന്നതോടുകൂടി അവര്‍ക്ക് അവിടെ ജോലിയാകും.

 ദീര്‍ഘ ദൂര ഓട്ട മത്സരത്തില്‍  യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്ന മാക്കത്തിന്റെ മകന്‍ സുകുമാരന്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ പീപ്പിള്‍സ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു പഠിക്കുന്നതിനിടെ  വീടിന് പട്ടയം ലഭിക്കാനുള്ള ഓട്ടത്തിനിടയില്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂള്‍ ലെവലില്‍ സുകുമാരന്‍ റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. സുകുമാരന്‍ ഇന്ന് കുണ്ടം കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണിയെടുക്കകയാണ്. പട്ടയ മേളയില്‍ ഇവര്‍ക്ക് ബേഡഡുക്കയില്‍ പത്ത് സെന്റ് സ്ഥലം ലഭിച്ചു. ലൈഫ് പദ്ധതിയില്‍ വീടും പൂര്‍ത്തിയായി. ഇനി സുകുമാരന് പഠനം തുടരാം. കായിക മേകലയില്‍ പുതിയ റെക്കോഡുകള്‍ തുറക്കാം. ലൈഫ് ഒരു പുതിയ ജീവിതം നല്‍കുകയാണ് ഈ കുടുംബത്തിന്. ഇവിടെ എല്ലാവരും  സന്തുഷ്ടരാണ്.

മിയ്യപദവിലെ സുമിത്ര ഷെട്ടിഗെയ്ക്കും ലൈഫ് മിഷന്റെ കരുതല്‍

 

മിയ്യപദവിലെ സുമിത്ര ഷെട്ടിഗെയ്ക്കും ലൈഫ് മിഷന്റെ കരുതല്‍. ഹൃദയാഘാദത്തില്‍ ഭര്‍ത്താവ് മരിച്ച സുമിത്ര, പിന്നീട് അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.  ഒന്‍പത് പേരടങ്ങിയ ആ കുടുംബത്തില്‍ അധിക കാലം താമസിക്കാന്‍ അവര്‍ക്കായില്ല. അപ്പോഴാണ് സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചത്. ബസ് ഡ്രൈവറായി ജോലി നോക്കുന്ന മകന്റെ വരുമാനത്തില്‍ ഫോറസ്റ്റ് പ്രദേശമായതിനാല്‍ കാട്ടു പന്നി ശല്യം കൂടുതലായതിനാല്‍ കൃഷിപ്പണിയൊന്നും നടക്കില്ല, സുമിത്ര പറയുന്നു. പരിസര പ്രദേശങ്ങളില്‍ തന്നെക്കൊണ്ട് കഴിയുന്ന തരത്തില്‍ കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുകയാണ് ഇവര്‍. മീഞ്ച പഞ്ചായത്തില്‍ ഏറ്റവും ആദ്യം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താവാണ് സുമിത്ര ഷെട്ടിഗെ.

 

കാറഡുക്കയിലെ സാവിത്രിയ്ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ ജീവിക്കാം

 

കാട്ടാനകള്‍ വിലസി നടക്കുന്ന വനപ്രദേശത്തെ താമസക്കാരാണ് കാറഡുക്കയിലെ കയമ്പാടിയില്‍ സാവിത്രിയും കുടുംബവും. പട്ടിക വര്‍ഗ വിഭാഗത്തിലെ മറാഠിയില്‍പെട്ട കുടുംബത്തിനും താങ്ങായത് ലൈഫ് മിഷന്‍ ഭവന പദ്ധതിയാണ്. ഓട് മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു, സാവിത്രിയും ഭര്‍ത്താവ് ശിവപ്പ നായ്കും രണ്ട് മക്കളും താമസിച്ചു വനന്നത്. എസ്.എസ്.എല്‍.സിയ്ക്കും പ്ലസ്ടു വിനും മികച്ച പ്രകടനം കാഴ്ചവെച്ച മകള്‍ രേഷ്മയ്ക്ക് എന്നും തടസ്സം നിന്നിരുന്നത് ആനയിറങ്ങുമോ എന്ന ഭയമായിരുന്നു. അത്ര  ഉറപ്പൊന്നുമില്ലാത്ത വീട് നിലം പൊത്താന്‍  വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് അട

ച്ചുറപ്പുള്ള, ബലമുള്ള മികച്ച സൗകര്യങ്ങലോടുകൂടിയ വീട് ലഭിച്ചപ്പോള്‍ രേഷ്മയുടെ മുഖത്തും പുഞ്ചിരി. കൂലിപ്പണി ചെയ്യുന്ന അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളാല്‍ സംഗമത്തിലെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മകള്‍ ആണ് എത്തിയത്. ഗണിതശാസ്ത്രത്തില്‍ 80 ശതമാനം മാര്‍ക്കോടെ ബിരുദ പഠനം പൂര്‍ത്തീകരിച്ച രേഷ്മ ഇപ്പോള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സാവിീത്രിയുടെ മകന്‍ ഗുരുരഞ്ജിന്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

date