Skip to main content

കുന്നംകുളം നഗരസഭയിൽ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് തുണിസഞ്ചി; നിർമാണം ഇന്ന് (ജനു. 28) ആരംഭിക്കും

പ്ലാസ്റ്റിക്, പ്രകൃതി സൗഹൃദമല്ലാത്ത ഒറ്റത്തവണ ഉപയോഗിക്കുന്ന കവർ എന്നിവ ഒഴിവാക്കി പ്ലാസ്റ്റിക് രഹിത മേഖലയാവാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പഴയതും വൃത്തിയുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ശേഖരിച്ച് തുണിസഞ്ചി നിർമിക്കുന്നു. കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ഇതിനുള്ള പഴയ വസ്ത്രങ്ങൾ ശേഖരിച്ചു. ഇതു കൊണ്ടുള്ള തുണിസഞ്ചി നിർമാണ പരിശീലനം ഇന്ന് (ജനു 28) രാവിലെ 10 മുതൽ കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ആരംഭിക്കും. പഴയ വസ്ത്രങ്ങൾ ഇന്നും സ്വീകരിക്കും.
പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഇവിടെ പേപ്പർ ബാഗ് നിർമ്മാണവും ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 100 ഓളം കുടുംബശ്രീ അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. തുണിസഞ്ചി, പേപ്പർ ബാഗുകൾ എന്നിവയുണ്ടാക്കി കുറഞ്ഞ വിലയ്ക്ക് കടകളിലും മറ്റും നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ജില്ല ഇൻഡസ്ട്രിയൽ മാനുഫാക്ചറേഴ്സ് സംഘത്തിനാണ് ഇവയുടെ നിർമാണ പരിശീലന ചുമതല. സംഘത്തിന്റെ ഫാക്കൽറ്റി ടി രേഖയാണ് പരിശീലക. ശേഖരിച്ച തുണികൾ വെട്ടി സഞ്ചിയാക്കുന്ന പരിശീലനം ഇന്നു (ജനു. 28) വൈകിട്ട് 4 വരെ തുടരും. തുടർന്ന് പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. 50 ഓളം കുടുംബശ്രീ അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തുണിസഞ്ചി തയ്യാറാക്കുക. നാലാൾക്ക് ഒരു തയ്യൽ മെഷീനിലാണ് പരിശീലനം. അംഗങ്ങൾ തന്നെ തയ്യൽ മെഷീൻ കൊണ്ടുവന്നാണ് തുണിസഞ്ചി ഉണ്ടാക്കുക.
തയ്യാറാക്കുന്ന തുണി സഞ്ചികൾ നഗരസഭ നേരിട്ട് വ്യാപാര സ്ഥാപനങ്ങളെ ഏൽപ്പിക്കും. ആവശ്യപ്പെടുന്ന മുറയ്ക്കും കുടുംബശ്രീ അംഗങ്ങൾ തുണി സഞ്ചിയും പേപ്പർ ബാഗും നിർമിച്ചു നൽകും.
ക്രാഫ്റ്റ് പേപ്പർ, കട്ടിയുള്ള പേപ്പർ എന്നിവ ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകർ ഒട്ടേറെ പേപ്പർ ബാഗുകളാണ് ഇന്നലെ നിർമ്മിച്ചിട്ടുള്ളത്. ഇതും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വ്യാപാര സ്ഥാപനങ്ങൾക്കു നൽകും.

date