Skip to main content
ഗദ്ദിക ഒരു ജനതയുടെ ആത്മാഭിമാനത്തെയും സര്‍ഗ്ഗശേഷിയെയും ശക്തിപ്പെടുത്തുന്നു: മന്ത്രി എ കെ ബാലന്‍

ഗദ്ദിക ഒരു ജനതയുടെ ആത്മാഭിമാനത്തെയും സര്‍ഗ്ഗശേഷിയെയും ശക്തിപ്പെടുത്തുന്നു: മന്ത്രി എ കെ ബാലന്‍

ഗദ്ദിക മേള പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗങ്ങളുടെ ആത്മാഭിമാനത്തെയും സര്‍ഗ്ഗശേഷിയെയും ശക്തിപ്പെടുത്താന്‍ ഉതകുന്ന രീതിയിലാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍. ഗദ്ദിക ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പട്ടിക ജാതി ഗോത്ര വര്‍ഗ്ഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്ത്യാതിഷ്ഠിതമായാണ് നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ആ വിഭാഗത്തിന്റെ സര്‍വോതോന്മുഖമായാ വികാസം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ്  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അത് വിജയം കാണുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെന്ന് മന്ത്രി പറഞ്ഞു. വീട്ടിലെ അന്തരീക്ഷം കാരണം പഠനം തന്നെ വെല്ലുവിളിയാകുന്ന ആദിവാസി ഗോത്രമേഖലയിലെ കുട്ടികളുടെ വിദ്യഭ്യാസ ഉന്നതി ലക്ഷ്യം വച്ച് നടപ്പാക്കിയ പദ്ധതിയാണ് പഠന മുറി. 25000 പഠനമുറിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 10000 പഠന മുറികളുടെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലക്കൊപ്പം തന്നെ ഈ വിഭാഗങ്ങളുടെ പാരമ്പര്യ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെയും പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ വകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറ്റവും വലിയ വെല്ലുവിളിയായ ശിശുമരണ നിരക്ക് കുറക്കാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ വെല്ലുവിളി നേരിട്ട പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു അത്. പോഷകാഹാര കുറവാണ് ശിശു മരണങ്ങളുടെ പ്രധാന കാരണം എന്ന് പറയുമ്പോഴും പോഷകാഹാര വിതരണത്തില്‍ വീഴ്ച്ച വരുത്തിയിരുന്നില്ല. പക്ഷെ കുട്ടികള്‍ക്ക് കാര്യക്ഷമമായി ഇത്തരം ആഹാരങ്ങള്‍ എത്തുന്നുണ്ടോ എന്ന അന്വേഷണത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പോഷകാഹാര വിതരണത്തിനൊപ്പം അവയുടെ ഉപയോഗവും ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിന്റെ സംഘാടന മികവ് ഗദ്ദികയിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കണമെന്ന് തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്ലാമേഖലയിലും ആധുനിക വത്കരിക്കപ്പെടുമ്പോള്‍ പാരമ്പര്യത്തെ മുറുകെപ്പിടുക്കുകയാണ് ഗദ്ദിക പോലെയുള്ള മേളകള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

date