Skip to main content

ഇഷ്ടിക കമ്പനിക്ക് 25 സെന്റ് സ്ഥലം നല്‍കാന്‍ വ്യവസായ മന്ത്രിയുടെ ഉത്തരവ്. ആരോഗ്യസ്വാമിക്ക് ആശ്വാസമായി വ്യവസായ അദാലത്ത്.

കോഴിപ്പാറ സ്വദേശി ആരോഗ്യ സ്വാമിക്ക് ആശ്വാസമായിരിക്കുകയാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്ത്. ഈ അദാലത്തിലാണ് മന്ത്രി ആരോഗ്യ സ്വാമിക്ക് ഇഷ്ടിക കമ്പനിയ്ക്കായി 25 സെന്റ് സ്ഥലം കഞ്ചിക്കോട് മേഖലയില്‍  അനുവദിക്കാന്‍ ഉത്തരവിട്ടത്.  2018 ഫെബ്രുവരിയിലാണ് ഇഷ്ടിക നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ആരോഗ്യ സ്വാമിക്ക് ജില്ലാ വ്യവസായകേന്ദ്രം 25 സെന്റ് സ്ഥലം കഞ്ചിക്കോട് മേഖലയില്‍ നല്‍കുന്നത്. പാട്ടത്തിന് അനുവദിച്ച ഭൂമിയില്‍  പാട്ടക്കരാര്‍ വിലയുടെ ചെറിയ തുകയായ രണ്ടു ലക്ഷം രൂപ ആരോഗ്യ സ്വാമി  നല്‍കുകയും ചെയ്തു. ഈ സ്ഥലത്ത് വര്‍ഷങ്ങളായി  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്ന സ്റ്റീല്‍ കമ്പനി  കരാര്‍ അവസാനിപ്പിച്ചതാണെന്ന് കാണിച്ചാണ് 25 സെന്റ് സ്ഥലം ആരോഗ്യ സ്വാമിക്ക് ഉദ്യോഗസ്ഥര്‍ കൈമാറിയത്. ആരോഗ്യ സ്വാമി ഇഷ്ടികകമ്പനിക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ വാങ്ങി  പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ് ജില്ലാ വ്യവസായ കേന്ദ്രം നല്‍കിയ ഭൂമി ഹൈക്കോടതി തടയുകയും ഭൂമികൈമാറ്റം ചോദ്യം ചെയ്തുകൊണ്ട് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്റ്റീല്‍ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അതോടെ  ഒഴിഞ്ഞുകിടക്കുന്ന മറ്റേതെങ്കിലും  സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട്  ആരോഗ്യ സ്വാമി വ്യവസായ അദാലത്തില്‍ പരാതിയുമായി എത്തുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമായി മറ്റൊരു ഭൂമിയ്ക്കായി കഷ്ടപ്പെടുന്ന ആരോഗ്യ സ്വാമിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ  മന്ത്രി പരിഹാരമായി അദാലത്തില്‍ വെച്ചുതന്നെ ആരോഗ്യ സാമിക്ക്  ഭൂമി അനുവദിച്ചു ഉത്തരവിറക്കുകയായിരുന്നു.

date