Skip to main content

പട്ടാമ്പിയിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

 

 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബംസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പുകൾ മുഖേന ഏഴ് ഗ്രാമപഞ്ചായത്തുകളിൽ രണ്ട് ഘട്ടങ്ങളിലായി 710 വീടുകളുടെ നിർമ്മാണമാണ് നിലവിൽ പദ്ധതിയിലൂടെ പൂർത്തിയാക്കിയിട്ടുള്ളത്.  മുളയങ്കാവ് ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഹമ്മദ് മുഹ്സിൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ ഭൂരഹിത ഭവന രഹിതർക്ക്‌   സ്ഥലം കണ്ടെത്തി പാർപ്പിടം ഒരുക്കുക എന്നതിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ഫ്ളാറ്റ് സമുച്ചയം നിർമിച്ച് നൽകി ഇൗ സ്വപ്നവും സഫലമാക്കുമെന്നും ഇവിടെ താമസിക്കുന്നവർക്ക് തൊഴിൽ സംരംഭത്തിനു സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് 30 സെൻറ് ഭൂമി ലഭ്യമാണെന്നും പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നും പരിപാടിയുടെ അധ്യക്ഷത വഹിച്ച പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദലി മാസ്റ്റർ അറിയിച്ചു.സെക്രട്ടറി അബ്ദുൽ നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതി മികച്ച രീതിയിൽ പൂർത്തിയാക്കിയ പഞ്ചായത്തുകളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഫീന ഷുക്കൂർ, മികച്ച പ്രവർത്തനം നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ,ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാരും എന്നിവരെ ലൈഫ് മിഷൻ ജില്ലാ കോർഡിേറ്റർ അനീഷ് ജെ ആലിക്കപ്പള്ളി എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു.

 

അദാലത്തിൽ ഗുണഭോക്താക്കൾക്ക് വിവിധ സർക്കാര് വകുപ്പുകളുടെയും ഏജൻസികളുടെയും സേവനം ലഭ്യമായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, സിവിൽ സപ്ലൈസ്, ഗ്യാസ് ഏജൻസികൾ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിൽ വകുപ്പ്, തൊഴിലുറപ്പ് , വ്യവസായ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, പട്ടികജാതി വകുപ്പ്, ആരോഗ്യം, സാമൂഹ്യനീതി,റവന്യൂ വകുപ്പ്,  കെ എസ് ഇ ബി, വാട്ടർ അതോറിറ്റി എന്നിവയുടെ സേവനമാണ് ലഭ്യമായത്. കൂടാതെ കുടുബശ്രീയുടെ സ്വാന്ത്വനം പദ്ധതിയിലൂടെ ആരോഗ്യ പരിശോധന,  വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള പ്രദർശനവും സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പ് ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു.   ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date