Skip to main content

ദുരന്തകഥ പറയുന്ന കടല്‍ക്കാഴ്ച്ചകള്‍

വയറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടിയ ഭീമന്‍ മത്സ്യം....പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ കുടുങ്ങിയ കടല്‍ജീവികള്‍...കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകളില്‍ കണ്ണുടക്കാതെ ഇപ്പോള്‍ ആരും ഇതുവഴി കടന്നുപോകുന്നില്ല.

കൗതുകത്തോടെ നോക്കുന്നവര്‍ വലിയൊരു വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പു വായിച്ചാണ് പാലം കടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതിക്ക്  സൃഷ്ടിക്കുന്ന ഭീഷണിയാണ് ചിത്രകാരിയായ കാജല്‍ ദത്തിന്‍റെ നേതൃത്വത്തില്‍  ഇവിടെ വരച്ചുകാട്ടുന്നത്.  
ഇനാമല്‍ പെയിന്‍റുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളില്‍ വരച്ച ഗ്രാഫിറ്റികളാണ് ഭൂരിഭാഗവും. ജനുവരി 25ന് തുടക്കം കുറിച്ച ചിത്രരചന രാപ്പകല്‍ വ്യത്യാസമില്ലാതെ മുന്നോട്ടുപോകുകയായിരുന്നു.

 നഗരത്തിലെയും പരിസരങ്ങളിലെയും കോളേജുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ അറുപതോളം പേര്‍ വിവിധ സമയങ്ങളില്‍ ഇതില്‍ പങ്കുചേര്‍ന്നു. യാത്രാമധ്യേ ചിത്രരചന കണ്ട് ഒപ്പം കൂടിയവരും ആദ്യമായി ബ്രഷ് കയ്യിലെടുത്തവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

 ചിത്രരചനയുടെ ആദ്യഘട്ടം ഇന്നലെ(ജനുവരി 27) പൂര്‍ത്തിയായി. അവസാന മിനുക്കു പണികള്‍ അടുത്ത ശനിയാഴ്ച്ച നടക്കും.

തോടുകളിലും പുഴകളിലും വലിച്ചെറിയുന്ന മാലിന്യങ്ങളെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് കടലിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലെ  ആവാസ വ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നു. അജൈവ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ബോധവത്കരണത്തിന് കടല്‍ പ്രമേയമാക്കാനുള്ള കാരണം ഇതാണ്-കാജല്‍ ദത്ത് പറഞ്ഞു.

റെയില്‍വേ, ജില്ലാഭരണകൂടം, ഹരിതകേരളം മിഷന്‍, കോട്ടയം സതേണ്‍ റോട്ടറി ക്ലബ്, ബസേലിയോസ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് എന്നിവ സംയുക്തമായാണ് ചിത്രരചനാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

date