Skip to main content

തിരുവാലി ഗ്രാമപഞ്ചായത്തില്‍  പഠനവീട് പദ്ധതി ഒരുങ്ങുന്നു

 

    പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്   തിരുവാലി ഗ്രാമപഞ്ചായത്തില്‍ പഠനവീട് പദ്ധതി ഒരുങ്ങുന്നു. കോളനിയിലെ ഒരു വീടിന്റെ ഭാഗമാണ് പഠന മുറിയായി സജ്ജീകരിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനും ഗൃഹപാഠം ചെയ്തു തീര്‍ക്കുവാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോളനി നിവാസികളായ രണ്ട് ബിരുദ വിദ്യാര്‍ഥിനികളാണ് കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് ക്ലാസുകള്‍ നല്‍കുന്നത്. വൈകുന്നേരം ആറ് മുതല്‍ 7.30 വരെയാണ് പഠന വീട് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓരോ ദിവസവും ഒരു രക്ഷിതാവിന്റെ സാന്നിധ്യവും പഠനവീട്ടില്‍ ഉറപ്പ് വരുത്തുന്നു. നിലവില്‍ 24 കുട്ടികളാണ് ഇവിടത്തെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 
    മുന്‍ കൃഷി ഓഫീസറും തിരുവാലി പതിനൊന്നാം വാര്‍ഡ് മെമ്പറുമായ എം. രാജഗോപാലാണ് പഠനവീട് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പഠനവീടിനായി നല്ലൊരു കെട്ടിടം നിര്‍മിക്കാനും മുതിര്‍ന്ന കുട്ടികള്‍ക്കായി പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നക്കാട് എസ്.സി കോളനിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായി മുന്നേറുകയാണ്. 
 

date