Skip to main content

താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈടെക്ക് ബ്ലോക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി  ഉദ്ഘാടനം  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

 

താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍   ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ  ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ജനുവരി 30 ന്‌പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കും.
രണ്ട് നിലകളിലായി പത്ത് ക്ലാസ് മുറികള്‍, അഞ്ച് സയന്‍സ് ലാബുകള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് സ്റ്റാഫ് റൂമുകള്‍, ഓഫീസ്, പ്രിന്‍സിപ്പല്‍ റൂം, ഓരോ നിലയിലും പ്രത്യേകം ടോയ്ലറ്റ് സമുച്ചയങ്ങള്‍ എന്നിവ ഒരുക്കിയാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 36 85 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് 6.24 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ അഞ്ച് കോടി രൂപ കിഫ്ബിയും ഒരു കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തുമാണ് അനുവദിച്ചത്. ബാക്കി തുക സാമൂഹിക പങ്കാളിത്തത്തോടെ സമാഹരിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലേക്ക് ആവശ്യമായ ബഞ്ചുകളും ഡസ്‌ക്കുകളും ജില്ലാ പഞ്ചായത്താണ് നല്‍കിയത്. 
ലോകോത്തര നിലവാരത്തിലുള്ള പഠനാന്തരീക്ഷം, ഹൈടെക് ക്ലാസ് മുറികള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ഹാള്‍, മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം, ആധുനിക പാചകപ്പുര, വിശാലമായ കളി സ്ഥലം, ഇന്‍ഡോര്‍ സ്റ്റേഡിയം, ജൈവ വൈവിധ്യ പാര്‍ക്ക്, ഔഷധോദ്യാനം, നീന്തല്‍ക്കുളം, ശില്‍പ്പ ചാരുതയാര്‍ന്ന പഠിപ്പുര, വൃത്തിയുള്ള  ടോയ്ലറ്റ് സമുച്ചയങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍. സ്‌കൂളില്‍ അധിക സയന്‍സ് ബാച്ചുകള്‍ ആരംഭിച്ചതിനാല്‍ കെട്ടിടത്തിന് മുകളിലായി ഒരു നില കൂടി പണിയാനായി എം.എല്‍.എ മുന്‍ കയ്യെടുത്ത് ഡി.പി.ആര്‍ തയ്യാറാക്കി പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാറിലേക്ക്  സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വേറെയും തുക അനുവദിച്ചിട്ടുണ്ട്.
ദൗതിക സാഹചര്യങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിനൊപ്പം സ്‌കൂളിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി പതിനൊന്ന് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 'മാറുന്ന ദേവധാര്‍ ' പദ്ധതി പി.ടി.എ, എസ്.എം.സി, എം.എല്‍.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. കലാ-കായിക ശാസ്ത്ര ഗണിത സാഹിത്യ മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍   4,549 വിദ്യാര്‍ഥികളും 160 ഓളം അധ്യാപകരും സ്‌കൂളിലുണ്ട്.
രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ല - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ ബോധവത്ക്കരണം, മോട്ടിവേഷന്‍ ക്ലാസ്, മാജിക് ഷോ, കോമഡി ഷോ, ഗാനമേള എന്നിവയും അരങ്ങേറും.
 

date