Skip to main content

ജനകീയ പദ്ധതികളുമായി നഗരസഭ

 

    നഗരസഭയില്‍ സുഭോജനം, സുജലം സുലഭം, പരാതി പരിഹാര സെല്‍, സെപ്‌റ്റേജ് മാലിന്യ ശേഖരണം എന്നിവയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ നിര്‍വഹിച്ചു. നഗരത്തിന്റെ സമഗ്രവികസനം  ലക്ഷ്യമിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കഴിഞ്ഞ നാലുവര്‍ഷമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെയാണ് നഗരസഭ പദ്ധതികള്‍ നടപ്പാക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നുണ്ട്. ഇവയ്ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. മൂന്നു പുതിയ സെപ്റ്റേജ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫും കുടിവെള്ള ടാങ്കറുകളുടെ ലൈസന്‍സ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

    നഗരസഭാ പരിധിയില്‍ ശുചിത്വമുള്ളതും സുരക്ഷിതവുമായ ഭക്ഷണവിതരണം ഉറപ്പാക്കുകയാണ് സുഭോജനം പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ജലദുരുപയോഗം തടയുകയുമാണ് സുജലം സുലഭം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സെപ്റ്റേജ് കളക്ഷനുവേണ്ടി മൊബൈല്‍ ആപ്പ്, കേആള്‍ സെന്റര്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. നഗരസഭാ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ മേയറെ നേരിട്ടറിയിച്ച് എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കുകയാണ് പരാതി പരിഹാര സെല്ലിന്റെ ലക്ഷ്യമെന്നു മേയര്‍ പറഞ്ഞു.

    ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പാളയം രാജന്‍, വഞ്ചിയൂര്‍ പി. ബാബു, ഐ.പി ബിനു, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ജി. ശ്രീകുമാര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
     (പി.ആര്‍.പി. 72/2020)

date