Skip to main content

എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്രക്ക് സ്വീകരണം നല്‍കി

    തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍  ഏജന്‍സികളുടെ പങ്കാളിത്തത്തോടെ പി.എന്‍. പണിക്കര്‍  ഫൗണ്ടേഷന്‍ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ഏനാത്ത് പഴയ ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. അറിവാണ് മാനവരാശിയുടെ വികസനത്തിലേക്കുള്ള ആദ്യ പടിയെന്നും അറിവ് പകരാനായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ശ്ലാഘനീയമാണെന്നും പ്രസിഡന്റ് പറഞ്ഞു. വായനയുടെ പുത്തന്‍ സങ്കേതങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടാന്‍ യാത്രയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൃഷി, ശുചിത്വം, ആരോഗ്യബോധവത്ക്കരണം, സാംസ്‌കാരിക അടിത്തറ ഒരുക്കല്‍ എന്നിവയും യാത്രയുടെ ഭാഗമാണ്. പി.എന്‍.പണിക്കര്‍ രാജ്യത്തിന് സംഭാവന നല്‍കിയ വായനശാല സംസ്‌കാരത്തിന്റെ തിരിച്ചുവരവാണ് ഇത്തരം പരിപാടികളിലൂടെ സാധ്യമാകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമകുഞ്ഞ്, എഡിഎം കെ. ദിവാകരന്‍ നായര്‍, തുമ്പമണ്‍ പഞ്ചായത്തംഗം റോസമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമായോഗീന്ദര്‍, ആര്‍ ബി രാജീവ് കുമാര്‍, മണിയാര്‍ രാധാകൃഷ്ണന്‍, ഫൗണ്ടേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി സി കെ നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്‍ജാന്‍, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
    ജില്ലയില്‍ ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട്, ഓമല്ലൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇരവിപേരൂര്‍, പുറമറ്റം, എഴുമറ്റൂര്‍, കുന്നന്താനം ഗ്രാമപഞ്ചായത്തുകളിലൂടെ യാത്ര കടന്നു പോയി.  ഗ്രാമസഭയുടെ മഹത്വം ജനങ്ങള്‍ക്കു  പകര്‍ന്നു നല്‍കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, പുതിയ അറിവുകള്‍ പകരുക, വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക, ഗുണമേന്മയുള്ള ജീവിത നിലവാരം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുക, പൂര്‍ണവും സര്‍വതല സ്പര്‍ശിയുമായ വികസനം സാക്ഷാത്കരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. യാത്രാ സ്വീകരണ യോഗങ്ങളില്‍ നല്ല പോസ്റ്റ്മാന്‍, നല്ല പാല്‍ വിതരണക്കാരന്‍, നല്ല ചുമട്ടു തൊഴിലാളി, നല്ല പോലീസുകാരന്‍, നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്‍, നല്ല ആരോഗ്യ പ്രവര്‍ത്തകന്‍, നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ജൈവ കര്‍ഷകന്‍ തുടങ്ങിയവരെ പരിപാടിയില്‍ ആദരിച്ചു. 
    ഇന്ന്(1) രാവിലെ ഒന്‍പതിന് കോഴഞ്ചേരിയില്‍ നിന്നും യാത്ര ആരംഭിക്കും. 11.30ന് ഇരവിപേരൂര്‍, രണ്ടിന് പുറമറ്റം, വൈകിട്ട് നാലിന് എഴുമറ്റൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ആറിന് കുന്നന്താനത്ത് ജില്ലയിലെ പര്യടനം സമാപിക്കും. ജനുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര സംസ്ഥാനത്തെ 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളില്‍  ബോധവത്കരണ പരിപാടികള്‍  നടത്തി മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ് സമാപിക്കും. സമാപന സമ്മേളനം തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.                  

date