Skip to main content
'പ്രസാദം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കുന്നു 

വിളര്‍ച്ച രോഗമുള്ള കുട്ടികള്‍ക്ക് കരുതലായി 'പ്രസാദം' പദ്ധതി

 

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന 'പ്രസാദം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ ആയുര്‍വേദ ചികിത്സാ രീതിക്ക് വലിയ പങ്കുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

വിദ്യാലയ ആരോഗ്യം ലക്ഷ്യമിട്ടുളള പ്രസാദം പദ്ധതി നടപ്പാക്കുന്നതിനായി ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ളത്. 'വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേയ്ക്ക്' എന്ന സന്ദേശം വിദ്യാര്‍ഥി സമൂഹത്തിലേക്ക് എത്തിക്കുകയാണ്  പ്രസാദം പദ്ധതിയുടെ ലക്ഷ്യം.  കുട്ടികളുടെ പഠന നിലവാരത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്ന വിളര്‍ച്ച രോഗം കണ്ടെത്തി ചികിത്സിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി സ്‌കൂളില്‍ ഒരാഴ്ചയ്ക്കകം രക്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. 10.5 ന് താഴെ ഹീമോഗ്ലോബിന്‍ കൗണ്ട് ഉള്ള 180 കുട്ടികളെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ചികിത്സയും മരുന്നും ലഭ്യമാക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ ഒരു സ്‌കൂളിന് 5 ലക്ഷം രൂപയുടെ മരുന്നുകളാണ് നല്‍കുന്നത്.

പരിപാടിയില്‍ ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി.  ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ഷിബു പദ്ധതി വിശദീകരിച്ചു. ഒറ്റപ്പാലം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ രത്നമ്മ, പ്രസാദം പദ്ധതി ജില്ലാ കണ്‍വീനര്‍ ഡോ.എന്‍. കെ മോഹനന്‍, പ്രിന്‍സിപ്പല്‍ കെ പി ഹെഡ് മാസ്റ്റര്‍ പി എം പരമേശ്വരന്‍ നമ്പൂതിരി, നഗരസഭാ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date