പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം
കേരളത്തിലെ മികച്ച നാല് ആരോഗ്യകേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തു. മികച്ച അടിസ്ഥാന സേവനങ്ങൾ ഒരുക്കി ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പ് വരുത്തിയതിനാണ് അംഗീകാരം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വകുപ്പ് നടത്തിയ പരിശോധനയിലാണ് പുന്നയൂർ ആരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ലഭിച്ചത്. 70 ശതമാനം മാർക്കിന് മുകളിൽ ഉള്ളവർക്ക് മാത്രമേ ഈ ദേശീയ അംഗീകാരം ലഭിക്കൂ എന്നിരിക്കെ പുന്നയൂർ 84 ശതമാനം മാർക്ക് കരസ്ഥമാക്കി. ജില്ല സംസ്ഥാന തല പരിശോധനക്ക് ശേഷമാണ് സംസ്ഥാനത്തെ മികച്ച നാല് ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ ആരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തത്.
ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ഓഫീസ് നിർവ്വഹണം, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ സേവനം തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് അംഗീകാരത്തിന് പരിഗണിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ശംസുദ്ദീൻ പറഞ്ഞു. ഡോക്ടർമാരും ജീവനക്കാരും ചേർന്നുള്ള കൂട്ടായ പ്രവർത്തനം അംഗീകാരത്തിന് സഹായകമായെന്നും സർക്കാർ ആശുപത്രികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും മെഡിക്കൽ ഓഫീസർ ഡോ. ടി. ജി നിത അഭിപ്രായപെട്ടു. പഞ്ചായത്ത് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാക്കി പഞ്ചായത്ത് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കിയതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷൻ ആദരവും കഴിഞ്ഞ ദിവസം പഞ്ചായത്തിനു ലഭിച്ചിരുന്നു.
- Log in to post comments