Skip to main content

കുന്നംകുളം നഗരസഭയിൽ ഇനി ഓൺലൈനായി വ്യാപാര ലൈസൻസിന് അപേക്ഷിക്കാം

കുന്നംകുളം നഗരസഭ പ്രദേശത്തുള്ള കച്ചവടക്കാർക്ക് ഓൺലൈനായി വ്യാപാര ലൈസൻസിന് അപേക്ഷ സമർപ്പിയ്ക്കുവാൻ സംവിധാനം ഏർപ്പെടുത്തി. www.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഇതിലേക്ക് നഗരസഭയിൽ നിന്നും ലൈസൻസ് അപേക്ഷ വാങ്ങേണ്ടതില്ല. നഗരസഭയിൽ ലൈസൻസ് അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിയ്ക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
ഖര, ദ്രവ, ഭക്ഷ്യപദാർത്ഥങ്ങൾ കച്ചവടം ചെയ്യുന്നവർ ഉപയോഗിയ്ക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ലഭിച്ച റിപ്പോർട്ടും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കുന്നംകുളം ഗവ.ബോയ്സ് ഹൈസ്‌കൂൾ കോമ്പൗണ്ടിലുള്ള ഹയർ സെക്കന്ററി സ്‌കൂളിൽ ജലപരിശോധന ലാബ് പ്രവർത്തിയ്ക്കുന്നുണ്ട്. ഇവിടെ നിന്നുള്ള റിപ്പോർട്ട് ലൈസൻസ് അപേക്ഷയോടൊപ്പം സമർപ്പിക്കാവുന്നതാണ്. പുതുക്കിയ ഷെഡ്യൂൾ പ്രകാരമുളള തുകയാണ് ഇനി മുതൽ ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.
ഓൺലൈൻ അപേക്ഷകൾ ഹെൽത്ത് വിഭാഗം പരിശോധിച്ചതിന് ശേഷം ഓൺലൈൻ വഴി തന്നെ നഗരസഭയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണമാണ് സമർപ്പിക്കേണ്ടത്. ലൈസൻസ് ഫീസ് നഗരസഭയിൽ നേരിട്ടോ ഇ - പേയ്മെന്റ് മുഖേനയോ അടക്കാം.
ലൈസൻസ് കലാവധി അവസാനിച്ചതിന് ശേഷം പുതുക്കുന്നതിന് പത്താം ദിവസം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 25% തുകയും അതിൽ കൂടുതൽ വരുന്ന കാലയളവിലേയ്ക്ക് ഓരോ 15 ദിവസത്തേക്കും 25% നിരക്കിലും അധിക ഫീസ് ഈടാക്കും.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ആവശ്യമുള്ള കച്ചവടങ്ങൾക്ക് ഓൺലൈനായി പി സി ബി യിൽ അപേക്ഷ സമർപ്പിക്കാം. ഇതു സംബന്ധിച്ച രേഖകൾ കൂടി ലൈസൻസ് അപേക്ഷയോടൊപ്പം അടക്കം ചെയ്യണം.

date