Skip to main content

കുന്നംകുളത്ത് മന്ത്രിയുടെ ഓഫീസിൽ നിന്ന് സാമ്പത്തിക സർവ്വേ ആരംഭിച്ചു

ഏഴാമത് സാമ്പത്തിക സർവേയ്ക്ക് കുന്നംകുളം നിയോജക മണ്ഡലത്തിൽ തുടക്കമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനിൽ നിന്നും മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ വിവരങ്ങൾ ശേഖരിച്ചാണ് സർവ്വേ തുടങ്ങിയത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസാണ് വിവരശേഖരണം നടത്തുന്നത്. കോമൺ സർവീസ് സെന്ററുകൾക്കാണ് (സിഎസ്സി) സർവേ ചുമതല. ഡി ഇ എസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിസർച്ച് ഓഫീസർ പി എം ഹബീബുള്ള, സി എസ് സി ജില്ലാ മാനേജർ ബ്രിട്ടോ ടി. ജെയിംസ്, മനോജ് കെ എം, ബൈജു കെ വി, എൻ എസ് ഒ യിലെ അനുപ്, സൂപ്പർവൈസർമാരായ സുധീർ സി.എൻ, സോചു മോഹൻ എന്നിവർ പങ്കെടുത്തു.
സമ്പദ്ഘടനയുടെ സമഗ്ര വിശകലനത്തിന് ഉതകുന്ന വിധത്തിലാണ് സർവേ വിവരങ്ങൾ പ്രയോജനപ്പെടുത്തുക. സ്ഥാപനങ്ങളുടെ പ്രവർത്തനം, സാമ്പത്തിക ഘടകങ്ങളുടെ വിശദ വിവരങ്ങൾ തുടങ്ങിയവ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കും. രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പദ്ധതി വിഹിതം തയ്യാറാക്കുകയാണ് ലക്ഷ്യം.
വരും ദിവസങ്ങളിൽ സെൻസസിന്റെ ഭാഗമായി തൊപ്പിയും ഐഡി കാർഡും അണിഞ്ഞ എന്യ്ൂമറേറ്റർമാർ വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിക്കും. മൊബൈൽ ആപ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സർവേയുമായി ബന്ധപ്പെട്ട വ്യക്തിഗത വിശദാംശങ്ങൾ പുറത്ത് വീടില്ലെന്നും ആദായ നിക്കുതിയുമായോ പൗരത്വ ബില്ലുമായോ സാമ്പത്തിക സർവേയ്ക്ക് ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.

date