Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച് ജില്ലാ ആസൂത്രണ സമിതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം

തദ്ദേശ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാര്‍ഷിക പദ്ധതിയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ദുരന്ത വേളകളില്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ബോധവല്‍ക്കരണം നല്‍കാനുള്ള പരിപാടികളും വാര്‍ഷിക പദ്ധതിയിലുണ്ടാകണം. ഇതിനായി ഗ്രാമസഭകളും ശില്‍പശാലകളും സംഘടിപ്പിക്കണം. ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, ദുരന്തലഘൂകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തല്‍ എന്നിവയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഉല്‍പ്പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല, പ്രത്യേക പരിഗണന അറിയിക്കുന്ന വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാധാന്യം നല്‍കേണ്ട കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിശദീകരിച്ചു.
നെല്‍കൃഷി വ്യാപനം, പച്ചക്കറി കൃഷി പ്രോത്സാഹനം, ഹൈ ടെക് കൃഷി, വന്യമൃഗശല്യം തടയല്‍, നീര്‍ച്ചാലുകളുടെയും പുഴകളുടെയും കുളങ്ങളുടെയും സംരക്ഷണം, മുട്ട, മാംസം, പാല്‍ എന്നിവയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കല്‍, ഫാമുകളുടെ പ്രോത്സാഹനം, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യമേര്‍പ്പെടുത്തല്‍, പിഎച്ച്‌സികളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍, സമഗ്ര ക്യാന്‍സര്‍ രോഗ നിയന്ത്രണ പദ്ധതികള്‍, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ശൗചാലയമൊരുക്കല്‍, ആശുപത്രികളില്‍ നിന്നുണ്ടാകുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ള സൗകര്യമേര്‍പ്പെടുത്തല്‍, കുട്ടികളിലെ പഠന വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശീലനം, റോഡുകള്‍ക്ക് ഡ്രൈനേജ് സംവിധാനമേര്‍പ്പെടുത്തല്‍, ട്രാന്‍സ്‌ജെന്ററുകള്‍ക്കായി ഡേ സെന്റര്‍ സ്ഥാപിക്കല്‍, ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശമാണ് ആസൂത്രണ സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.
കണ്ണൂരിനെ തരിശ് രഹിത ജില്ലയാക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പഞ്ചായത്തിലെ തരിശ് ഭൂമിയെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കണം. ജില്ലാ കൃഷി ഓഫീസറോട് ജില്ലയിലെ മുഴുവന്‍ തരിശ് രഹിത ഭൂമിയെക്കുറിച്ചുള്ള വിവരങ്ങല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. 2019- 20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും കെ വി സുമേഷ് വ്യക്തമാക്കി. ശ്രീകണ്ഠാപുരം നഗരസഭയുടെ നീര്‍ത്തട മാസ്റ്റര്‍ പ്ലാനിന് യോഗത്തില്‍ അംഗീകാരം നല്‍കി.
ചൈനയില്‍ നിന്ന് ജില്ലയിലെത്തിയിട്ടുള്ളവര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ഡി എം ഒ ഓഫീസ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ആവശ്യപ്പെട്ടു. ചൈനയില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് 0497 2700194 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.  
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ,  സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി ജാനകി, പി ഗൗരി, ആസൂത്രണ സമിതി അംഗങ്ങളായ കെ വി ഗോവിന്ദന്‍, എം സുകുമാരന്‍, പി കെ ശ്യാമള ടീച്ചര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, മറ്റ് ജന പ്രനിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date