Skip to main content

ലഹരിക്കെതിരെ അണിചേരാം; ഏഴിന് വിമുക്തി ജ്വാല തെളിയും

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഏഴിന് വാര്‍ഡ് തലങ്ങളില്‍ വിമുക്തി ജ്വാല തെളിയിക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജന- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ യുവജന സംഘടന പ്രതിനിധികള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.  
ദീപം തെളിയിക്കലിനു മുന്നോടിയായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി മനുഷ്യ ചങ്ങല ഒരുക്കാനും പദ്ധതിയുണ്ട്. വാര്‍ഡുകളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുന്നോടിയായി ഫെബ്രുവരി മൂന്നിനകം തദ്ദേശ സ്ഥാപന പരിധിയില്‍ ബന്ധപ്പെട്ട അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നല്‍കും.
ദീപം തെളിയിക്കലിനു പുറമെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി രണ്ടിന് വിദ്യാര്‍ഥികളെ സംഘടിപ്പിച്ചുകൊണ്ട് ഗൃഹസന്ദര്‍ശനം നടത്തും. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. വിദ്യാര്‍ഥികളിലുള്‍പ്പെടെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളുമായി എക്‌സൈസ് വകുപ്പ് മുന്നോട്ട് പോകുന്നത്.
എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, വിമുക്തി മാനേജര്‍ കെ ചന്ദ്രന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍കുമാര്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, യുവജന സംഘടനാ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date