Skip to main content

ദുരന്തനിവാരണ പദ്ധതി രൂപീകരണം: പഞ്ചായത്ത് തല പരിശീലനം നല്‍കി

പരിയാരം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ആസൂത്രണരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല പരിശീലനം നല്‍കി. ചിതപ്പിലെ പൊയില്‍ സാസ്‌കാരിക നിലയം പിവിസി ഹാളില്‍ നടന്ന പരിപാടി എഡിഎം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ദുരന്ത സമയങ്ങളില്‍ ജീവന്‍ രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും എഡിഎം പറഞ്ഞു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വാര്‍ഡ് തലത്തില്‍ 20 അംഗ ഗ്രൂപ്പുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ക്കുള്ള നാലാംഘട്ട പരിശീലനമാണ് പരിയാരം പഞ്ചായത്തില്‍ നടന്നത്. പരിശീലനം ലഭിച്ച അംഗങ്ങളുടെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിനുള്ളില്‍ വാര്‍ഡ് തലത്തില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. ഏഴ് മുതല്‍ 10 വരെ വാര്‍ഡ് പഠനം നടത്തും. തുടര്‍ന്ന് ജലാശയങ്ങള്‍, റോഡ്, ഭൂപ്രകൃതി, ദുരന്ത സാധ്യത പ്രദേശങ്ങള്‍ എന്നിവ പഠിച്ച് അംഗങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  
ചടങ്ങില്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് അധ്യക്ഷനായി. കില ഫാക്കല്‍റ്റിമാരായ കെ വാസു, വിവി രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി രമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി ജീജ, എം ടി മനോഹരന്‍, ടി ഷീബ, പി പി രഘു, പി രഞ്ജിത്ത്, പി വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

date