Skip to main content
ഗദ്ദികയിലെ ഒറ്റമുലി സ്റ്റാളില്‍ കെ പി സുജാത

ഒറ്റമൂലി ചികിത്സയിലെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തി ഗദ്ദിക

നമുക്ക് ചുറ്റുമുള്ള ഓരോ ചെടികളിലും  ഔഷധമൂല്യമുണ്ടെന്ന യാഥാര്‍ത്ഥ്യം നമുക്ക് കാട്ടിത്തരികയാണ് ഗദ്ദികയിലെ ഒറ്റമൂലി സ്റ്റാള്‍. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരിമ്പുഴയില്‍ നിന്നെത്തിയ കെ പി സുജാതയാണ് ഒറ്റമൂലി ചികിത്സയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നത്. ശരീരത്തിലെ നീര്, കാല്‍മുട്ട് വേദന, താരന്‍, മുടികൊഴിച്ചില്‍, ത്വക് രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള ഒറ്റമൂലികള്‍ ഇവിടെയുണ്ട്. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ക്കും ഒറ്റമൂലി ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഇവര്‍ പറയുന്നു.
അച്ഛന്‍ വേലായുധന്‍ പകര്‍ന്നു നല്‍കിയ പാരമ്പര്യ ഒറ്റമൂലി ചികിത്സയുടെ അറിവുകളാണ്  സുജാത പങ്കുവെക്കുന്നത്.  മൂത്രക്കല്ല്, സോറിയാസിസ്, മൈഗ്രെയ്ന്‍ എന്നിവയ്ക്കുള്ള മരുന്നുകളും ഇവിടെയുണ്ട്.  താരന്‍, സോറിയാസിസ് എന്നിവയ്ക്ക് ദന്തപാലയുടെ ഇലയാണ്  ഔഷധം.  ചെറൂള, കല്ലുരുക്കി, കല്ലൂര്‍വഞ്ചി, തഴുതാമ, ഇഞ്ചിപ്പുല്ല് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മരുന്ന് തിളപ്പിച്ച് കഴിച്ചാല്‍ മൂത്രക്കല്ല്  മാറും.  കാല്‍മുട്ട് വേദനക്കുള്ള മരുന്നുകളും ഇവിടെയുണ്ട്.  വാതക്കൊടി, വാതംകൊല്ലി, എരുക്ക്, ആവണക്ക്, പുളിയില, ഇഞ്ചിപ്പുല്ല് എന്നിവയാണ് മുട്ട് വേദന മാറാനുള്ള ഔഷധക്കൂട്ടില്‍ ചേര്‍ത്തിരിക്കുന്നത്. ബ്രഹ്മി, കരിംജീരകം, രാമച്ചം, മൈലാഞ്ചി, ഇഞ്ചിപ്പുല്ല്, കസ്തൂരി മഞ്ഞള്‍ തുടങ്ങി നിരവധി മരുന്നുകളും വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു.  
ഒരു രോഗം വന്നാല്‍ അതിനുള്ള പ്രതിവിധിയും പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് സുജാതയുടെ പക്ഷം. രക്തസ്രാവം, വെള്ളപോക്ക് തുടങ്ങിയ സ്ത്രീ രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ ഇവര്‍ നടത്തുന്നുണ്ട്. രക്തസ്രാവമുണ്ടായി ഗര്‍ഭപാത്രം എടുത്ത് കളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പല സംഭവങ്ങളും വെറും പതിനാല് ദിവസത്തെ ചികിത്സയിലൂടെ മാറ്റാനായിട്ടുണ്ടെന്ന് സുജാത പറയുന്നു. തീപ്പൊള്ളലിനുള്ള ഫലപ്രദമായ ചികിത്സയും സുജാത നടത്തി വരുന്നുണ്ട്.  

date