Skip to main content
മുളകൊണ്ടുള്ള ആഭരണ സ്റ്റാള്‍

മുളന്തണ്ടില്‍ വിരിയുന്ന ആഭരണ വിസ്മയങ്ങള്‍...

കണ്ടു പഴകിയ മുത്തുമാലകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കുമൊക്കെ ഗുഡ് ബൈ പറഞ്ഞു കൊണ്ടിരിക്കുകയാണ് യുവത്വം. പുതുതലമുറയുടെ ഫാഷന്‍ സങ്കല്പങ്ങള്‍ വരെ മാറിയിരിക്കുന്നു. വസ്ത്രങ്ങളില്‍ എന്ന പോലെ ആഭരണങ്ങളിലും പുതുമകള്‍ക്ക് പിന്നാലെയാണ് ഇവര്‍. ഇത്തരം പുതുമകള്‍ തേടുന്നവരെ ആകര്‍ഷിക്കുകയാണ് ഗദ്ദികമേളയിലെ മുളകൊണ്ടുള്ള ആഭരണങ്ങള്‍. കാലിലെ കൊലുസ് മുതല്‍ മുടിയിലണിയുന്ന ഹെയര്‍ ബാന്‍ഡ് വരെയുള്ള മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളവയല്ല ഈ ആഭരണങ്ങള്‍. ആണ്‍കുട്ടികള്‍ക്ക് കയ്യിലിടാനുള്ള ബാന്‍ഡും കഴുത്തില്‍ അണിയുന്ന മാലയും മുളയില്‍ ലഭ്യമാണ്.
വയനാട് കല്‍പ്പറ്റയില്‍  നിന്നും എത്തിയ ബിജു നിര്‍മ്മിച്ച മുളയുല്‍പ്പന്നങ്ങള്‍ മേളയിലെത്തുന്നവരെ ഏറെ  ആകര്‍ഷിക്കുന്നവയാണ്. കീ ചെയിന്‍, കമ്മല്‍, മാല, ഹെയര്‍ ക്ലിപ്പ്, ബ്രേസ്‌ലറ്റ്, ക്ലോക്ക്, പെന്‍ഹോള്‍ഡര്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ കൊണ്ട് നിറഞ്ഞതാണ് ഈ സ്റ്റാള്‍.  
മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. തീജ്വാല കൊണ്ട് അല്‍പമൊന്ന് കരിച്ചാല്‍ ബ്രൗണ്‍ മുതല്‍ കറുപ്പു വരെയുള്ള പലനിറങ്ങള്‍ മുളയില്‍ വിരിയും. ഇത്തരത്തില്‍ മുളയില്‍ തീജ്വാല കൊണ്ട് ചിത്രങ്ങള്‍ വരച്ച് പിന്നീട് അതില്‍ മറ്റ് വര്‍ണ്ണങ്ങള്‍ കൂടി നല്‍കി കൂടുതല്‍ മനോഹരം ആക്കിയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. തീജ്വാല കൊണ്ട് വരക്കുന്നതിനാല്‍ കാലങ്ങളോളം ഈടു നില്‍ക്കുന്ന ഉത്പന്നങ്ങളാണ് ഇവയെന്ന് ബിജു പറയുന്നു.  
ഒരു ദിവസം ഒരു പാറ്റേണില്‍ ഉള്ള അലങ്കാര വസ്തുക്കളാണ് ഉണ്ടാക്കുക.  ബിജുവിന്റെ ഭാര്യ പ്രസീതയാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പെയിന്റ് ചെയ്ത് മനോഹരമാക്കുന്നത്. മുളകൊണ്ട് നിര്‍മ്മിക്കുന്ന തെയ്യത്തിന്റെ രൂപമുള്ള മാല തയ്യാറാക്കാന്‍ രണ്ടു ദിവസം എടുക്കും.  100 രൂപ മുതലാണ് ഇവരുടെ ഉത്പ്പന്നങ്ങളുടെ വില. ഓര്‍ഡര്‍ അനുസരിച്ചു വസ്ത്രങ്ങളില്‍ മ്യൂറല്‍ പെയിന്റ് ചെയ്തു നല്‍കുകയും ചെയ്യുന്നുണ്ട് ഇവര്‍.

date