Skip to main content

ഇല ഞരമ്പുകളെ അലങ്കാരമാക്കി ചാലക്കുടിക്കാരി അജിത

ഇലകളിലും കാട്ടുചെടികളുടെ പൂക്കളിലും കായ്കളിലും തീര്‍ത്ത അലങ്കാര വസ്തുക്കളാണ് ഗദ്ദിക മേളയിലെ ശ്രീദീപം ഹാന്റിക്രാഫ്റ്റ് സ്റ്റാളിലെത്തുന്നവരെ ആകര്‍ഷിക്കുന്നത്. നമുക്കു ചുറ്റും എന്നും കാണുന്നതും എന്നാല്‍ നാം യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ തള്ളിക്കളയുന്നതുമായ വസ്തുക്കളുപയോഗിച്ചാണ് വീടുകളിലേക്കും വാഹനങ്ങളിലേക്കുമുള്ള പൂച്ചട്ടികളും മറ്റ് അലങ്കാര വസ്തുക്കളും തയ്യാറാക്കുന്നത്. വിവിധ വര്‍ണങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്ന സ്റ്റാള്‍ കാണികളുടെ മനംകവരുകയാണ്.
ബദാമിന്റെ ഇല വെള്ളത്തില്‍ കുതിര്‍ത്ത്, ഇല ഞരമ്പുകള്‍ വേര്‍തിരിച്ചെടുത്ത് ഉണക്കിയതിന് ശേഷം അവയ്ക്ക്  വ്യത്യസ്ത രീതിയിലുള്ള വര്‍ണങ്ങള്‍ നല്‍കിയും കാട്ടുചെടികളുടെ കായ്കള്‍ ശേഖരിച്ച് ഉണക്കിയതിന് ശേഷം വര്‍ണങ്ങള്‍ നല്‍കി മനോഹരമായ പാക്കറ്റുകളിലാക്കി സുഗന്ധം പൂശിയുമാണ്  അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ പീച്ചിങ്ങയുടെ ചകിരി ഉണക്കി നിറങ്ങള്‍ നല്‍കിയും അലങ്കാര വസ്തുക്കള്‍ തീര്‍ത്തിരിക്കുന്നു. ചോളത്തിന്റെ കതിര്‍, ചകരി തുടങ്ങിയവയും ഫ്‌ളവര്‍ വേസുകള്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നുണ്ട്. അലങ്കാര വസ്തുക്കള്‍ കൂടാതെ മുളകൊണ്ടുള്ള വിശറി, കുട്ട, മീന്‍കൂട, മുറം, പണ്ട് കാലങ്ങളില്‍ അരി കഴുകാനും ഉണക്കാനും ഉപയോഗിച്ചിരുന്ന കൊരുവട്ടി, വള എന്നിവയും ഇവരുടെ സ്റ്റാളിലുണ്ട്. 10 രൂപ മുതല്‍ 300 രൂപ വരെയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വില. ബദാം ഇലയിലും പീച്ചിങ്ങയിലും തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 20 രൂപ മുതലാണ് ഈടാക്കുന്നത്.
ടെസ്റ്റ് ട്യൂബില്‍ നിര്‍മ്മിച്ച ലക്കി പ്ലാന്റുകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ അജിതയാണ് പാഴ് വസ്തുക്കളാല്‍ കണ്ണിന് കൗതുകമേകുന്ന  വര്‍ണ വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 27 വര്‍ഷമായി ഇത്തരം അലങ്കാര വസ്തുക്കളുടെ പണിപ്പുരയിലാണ് ഈ ചാലക്കുടിക്കാരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മേളകളിലും പ്രദര്‍ശനങ്ങളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അജിതയും സംഘവും.

date