Skip to main content
ആവേശമായി ബീച്ച് റണ്‍.

ആവേശമായി ബീച്ച് റണ്‍. സംസ്ഥാന ബീച്ച് ഗെയിംസിന് ശനിയാഴ്ച തുടക്കം

ശനിയാഴ്ച( ഫെബ്രുവരി 1) ആരംഭിക്കുന്ന സംസ്ഥാന ബീച്ച് ഗെംയിസിനു ആവേശമേകി ബീച്ച് റണ്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പയ്യാമ്പലം ബീച്ച് വരെയാണ് ബീച്ച് റണ്‍ സംഘടിപ്പിച്ചത്.തീരദേശ ജനതയെ കായികരംഗവുമായി അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന കായിക വകുപ്പും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന യുവജന കാര്യാലയവും സംയുക്തമായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.
  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്   കെ കെ പവിത്രന്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍, സെക്രട്ടറി ശിവദാസന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി വിനീഷ്, സെക്രട്ടറി എം എ നിക്കോളാസ് തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ,കൃഷ്ണമേനോന്‍ വനിത കോളേജ്, എസ് എന്‍ കോളേജ്, മുണ്ടയാട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, എലൈറ്റ് ഹോസ്റ്റല്‍, ഓപ്പറേഷന്‍ ഒളിമ്പ്യ, ഫുട്‌ബോള്‍ ഫ്രണ്ട്‌സ് വിദ്യാര്‍ഥികള്‍, പോലീസ് കായിക താരങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകര്‍ തുടങ്ങി നാനൂറോളം പേര്‍  ബീച്ച് റണ്ണിന്റെ ഭാഗമായി.
ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക്  വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളിലായി വോളിബോള്‍ മത്സരങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.
400 ഓളം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. പയ്യാമ്പലം ബീച്ചില്‍ പ്രത്യേകം സജ്ജമാക്കുന്ന രണ്ട് ഫ്ളഡ് ലൈറ്റ് കോര്‍ട്ടുകളിലാണ് മത്സരം നടക്കുന്നത്. 12 മത്സരങ്ങള്‍ വീതമാണ് ഇരുദിവസങ്ങളിലും നടക്കുക. 50,000, 30,000, 20,000 എന്നിങ്ങനെയാണ്
യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക.

date