Skip to main content

നാവില്‍ രുചിമേളം നിറച്ച് ബരമറയിലെ കോഴിപൊതുക്കല്‍

കാന്താരിയും പച്ചക്കുരുമുളകും അരച്ച്  പുരട്ടി വാഴയിലയില്‍ കെട്ടി പുറ്റ്മണ്ണില്‍ പൊതിഞ്ഞ് ചൂടാക്കി എടുത്ത നാടന്‍ കോഴിയെ രുചിച്ചിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നുണ്ടല്ലേ? ഗോത്രജനതയുടെ രുചിയറിവുകള്‍ പരിചയപ്പെടുത്തുന്ന  ബരമറെയില്‍ അവതരിപ്പിച്ച കോഴി പൊതുക്കല്‍ എന്ന വിഭവത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്.  വയനാട്ടിലെ അടിയന്‍ സമുദായത്തിന്റെ പരമ്പരാഗത വിഭവമാണ് കോഴി പൊതുക്കല്‍. വയനാട്ടുകാരുടെ പ്രധാന വിഭവമായ  നൂറകിഴങ്ങ്  പായസം, താള് കൊണ്ടുള്ള കറി,  പാരമ്പര്യ വിഭവമായ അമ്പിലി പാണ്ടി ഇവയെല്ലാം രുചിച്ചു നോക്കാനുള്ള അവസരമാണ് ബരമറെ സന്ദര്‍ശിച്ചവര്‍ക്ക് ലഭിച്ചത്. അമ്പിലി പാണ്ടി എന്ന പേര് കേട്ട് നെറ്റി ചുളിക്കേണ്ട. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന മുത്താറിയെയാണ് അവര്‍ പാണ്ടി എന്ന് വിളിക്കുന്നത്. താള്കറിയും അവരുടെ ഭക്ഷണങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പുല്‍പ്പള്ളി ചേകാടിയില്‍ നിന്നുള്ള ഷിനോജും സഹായികളുമാണ് ഗദ്ദികയില്‍ ഈ രുചിവിരുന്ന് ഒരുക്കിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് കോഴിപൊതുക്കല്‍ രുചിച്ചു നോക്കാന്‍ നല്‍കിയാണ് തത്സമയ അവതരണത്തിന്റെ ഉദ്ഘാടനം നടന്നത്. ഇതുവരെ കാണാത്തതും കേട്ട്‌കേള്‍വി പോലും ഇല്ലാത്തതുമായ വിഭവങ്ങള്‍ തങ്ങളുടെ മുന്നില്‍ കണ്ടപ്പോള്‍ അതൊന്ന് രുചിച്ചുനോക്കാന്‍ ഉള്ള തിരക്കില്‍ലായിരുന്നു എല്ലാവരും. ബരമറെ സന്ദര്‍ശിച്ച് ഈ വിഭവങ്ങള്‍  രുചിവര്‍ക്ക് ഷിനോജിനോട്  ഒന്നേ പറയാനുള്ളൂ' ചേട്ടാ സംഭവം സൂപ്പറായിന്'.

date