Skip to main content

ബി പോസിറ്റീവ്: എസ്എസ്എല്‍സിക്കാര്‍ക്ക് ടി വി- ഫോണ്‍ ഇന്‍ പരിപാടികളുമായി ജില്ലാ പഞ്ചായത്ത് ഫെബ്രുവരി മൂന്നു മുതല്‍ അവസാനം വരെ രാത്രി എട്ടു മുതല്‍

ജില്ലയിലെ ഓരോ എസ്എസ്എല്‍സി വിദ്യാര്‍ഥിക്കും മികച്ച വിജയം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ടെലിവിഷന്‍ ക്ലാസും ഫോണ്‍ ഇന്‍ പരിപാടിയും നാളെ (ഫെബ്രുവരി 3)  ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
എസ്എസ്എല്‍സി ക്ലാസ്സിലെ ഐടി ഒഴികെയുള്ള വിഷയങ്ങളില്‍ വിദഗ്ധരും പരിചയ സമ്പന്നരുമായ അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യറാക്കിയ ടെലിപ്രോഗ്രാം കണ്ണൂര്‍ വിഷന്‍ കേബിള്‍ ടിവി വഴി ഫെബ്രുവരി മൂന്നിന് രാത്രി എട്ടു മണി മുതല്‍ സംപ്രേഷണം ആരംഭിക്കും. 40 മിനുട്ടായിരിക്കും പരിപാടിയുടെ ദൈര്‍ഘ്യം. ഒരു മാസത്തോളം നീളുന്ന പരിപാടിയില്‍ പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ വരാവുന്ന പാഠഭാഗങ്ങള്‍, അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട രീതി തുടങ്ങിയവ ചര്‍ച്ച ചെയ്യും. പ്രയാസമേറിയ പാഠഭാഗങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായി ഇതിലൂടെ അവതരിപ്പിക്കും. എസ്എസ്എല്‍സി വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ഏത് സംശയങ്ങളും തീര്‍ക്കാന്‍ സഹായകമായ രീതിയിലായിരിക്കും ഫോണ്‍ ഇന്‍ പരിപാടി നടപ്പിലാക്കുക. ഇതിനായി ഓരോ വിഷയത്തിലും അവഗാഹമുള്ള 10 വീതം അധ്യാപകരുടെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയില്‍ ഈ നമ്പറുകളില്‍ വിളിച്ച് വിദ്യാര്‍ഥികള്‍ക്ക് സംശയ നിവൃത്തി വരുത്താം.
രണ്ട് പരിപാടികളും പരമാവധി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും അതിനുള്ള സൗകര്യം രക്ഷിതാക്കള്‍ ചെയ്തുകൊടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയുടെ വിജയശതമാനം വര്‍ധിപ്പിക്കുകയെന്നതിനപ്പുറം, പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിക്കുന്ന സാഹചര്യമുണ്ടാക്കുകയെന്നതാണ് ബി പോസിറ്റീവ് പരിപാടിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധക്കുറവ് കാരണം ഒരു വിദ്യാര്‍ഥി പോലും തോല്‍ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഉപരി പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണായകമാണ് എസ്എസ്എല്‍സി പരീക്ഷ. അതില്‍ മികച്ച വിജയം കൈവരിക്കാനാവണം ഓരോ വിദ്യാര്‍ഥിയും പരിശ്രമിക്കേണ്ടത്. അതേസമയം, അനാവശ്യമായ സമ്മര്‍ദ്ദത്തിന്റെയോ ഭീതിയുടെയോ ആവശ്യമില്ല. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും പരീക്ഷയെ നേരിടുകയെന്നതാണ് പ്രധാനം. പരീക്ഷാ പേടി അകറ്റുന്നതിനാവശ്യമായ കൗണ്‍സലിംഗ് ഓരോ സ്‌കൂളിലും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ ധീരമായി നേരിടാനുള്ള മനക്കരുത്ത് കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്ന സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൂടി വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതായി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ് പറഞ്ഞു. വീട്ടിലെ ചുറ്റുപാടുകള്‍, ബാഹ്യ സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതുപ്രകാരം അധ്യാപകരും കൗണ്‍സലര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുകയും രക്ഷിതാക്കള്‍ക്കായി കൗണ്‍സലിംഗ് പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗത്തിന്റെയും നേതൃത്വത്തില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് തുടര്‍ അവലോകനങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ മോഡല്‍ പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ പിന്നാക്കം പോയ വിഷയങ്ങളില്‍ പ്രത്യേക ക്ലാസ്സുകളും ക്യാംപുകളും നല്‍കിവരുന്നതായും അദ്ദേഹം അറിയിച്ചു.
പിആര്‍ഡി ചേംബറില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ വിനോദ് കുമാര്‍, കണ്ണൂര്‍ ഡിഇഒ ടി പി സനകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date