Skip to main content
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മുന്‍ഗണന വിഭാഗത്തില്‍പെട്ട രോഗികള്‍ക്ക് സൗജന്യമായി റൊട്ടിയും പാലും വിതരണം തുടങ്ങി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൗജന്യമായി റൊട്ടിയും പാലും വിതരണംതുടങ്ങി ചികിത്സാ സൗജന്യം ഭാഗികമായി ആരംഭിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മുന്‍ഗണന വിഭാഗത്തില്‍പെട്ട രോഗികള്‍ക്ക് സൗജന്യമായി റൊട്ടിയും പാലും വിതരണം തുടങ്ങി.മെഡിക്കല്‍ കോളേജിലെ അഞ്ചാം നിലയില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് അധ്യക്ഷത വഹിച്ചു. പ്രതിദിനം ഒരു വലിയ റൊട്ടിയും അര ലിറ്റര്‍ പാലുമാണ് സൗജന്യമായി നല്‍കുക.
ഭാഗിക ചികിത്സാ സൗജന്യത്തിനും ശനിയാഴ്ച്ച തുടക്കമായി.ഹൃദ്രോഗ വിഭാഗം  ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെല്ലാം ശനിയാഴ്ച്ച മുതല്‍ റഫറല്‍ ആയി മാറി. ജനറല്‍ ഒപിയില്‍ പരിശോധിച്ച ശേഷം ആവശ്യമായി വരുന്നുവെങ്കില്‍ മാത്രമേ പുതിയ രോഗികളെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയുള്ളൂ. ഒപി വിഭാഗങ്ങള്‍ പൂര്‍ണമായും സൗജന്യ നിരക്കിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട ജനറല്‍ വാര്‍ഡുകളില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക്  മാത്രമേ ഇപ്പോള്‍ മറ്റ്ചികിത്സാ സൗജന്യങ്ങള്‍ ലഭിക്കൂ. കാഷ്വാലിറ്റിയില്‍ വരുന്ന എല്ലാ ബിപിഎല്‍ രോഗികള്‍ക്കും ചികിത്സാ ചെലവുകളും  പരിശോധനകളും മരുന്നുകളും സൗജന്യമായിരിക്കും. ഒപിയിലെത്തുന്ന രോഗികള്‍ക്ക് മുന്‍ഗണന- മുന്‍ഗണനേതര വ്യത്യാസമില്ലാതെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിയുള്ള മരുന്നുകള്‍ പത്ത് ദിവസത്തേക്ക് സൗജന്യമായി നല്‍കും. ഏപ്രില്‍ ഒന്നു മുതല്‍ പൂര്‍ണതോതിലുള്ള ചികിത്സാ സൗജന്യങ്ങളും ലഭ്യമാകും. ഹൃദ്രോഗ വിഭാഗത്തില്‍ ഇപ്പോള്‍ മുന്‍ഗണന വിഭാഗത്തിന് ഒപിയും  ചില പരിശോധനകളും മാത്രമായിരിക്കും സൗജന്യം. മെഡിക്കല്‍ കോളേജിലെയും ഹൃദ്രോഗ വിഭാഗത്തിലെയും സോഫ്റ്റ് വെയറുകള്‍ ഏകീകരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ തുടര്‍നടപടികള്‍ പ്രാവര്‍ത്തികമാക്കും.കാരുണ്യ ചികിത്സാ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാസ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളായിരിക്കും ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്കും മറ്റ് ഹൃദ്രോഗ ചികിത്സകള്‍ക്കും ലഭ്യമാവുക.

date