Skip to main content
ടി വി രാജേഷ് എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൈപ്പാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ  എക്സിക്യുട്ടീവ് കമ്മിറ്റി യോഗം

കൈപ്പാട് ഭൂമിയില്‍ കൃഷി ചെയ്യാന്‍ തടസ്സം നില്‍ക്കരുത്: കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി കെ എ ഡി എസ് എക്‌സിക്യൂട്ടീവ് കമ്മറ്റി ആദ്യയോഗം ചേര്‍ന്നു

കൈപ്പാട് കൃഷി വ്യാപന പദ്ധതി ജില്ലയില്‍ സജീവമാകുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്ന പ്രവൃത്തികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടിവ് കമ്മറ്റിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശങ്ങളില്‍ കണ്ടല്‍ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതികള്‍ ലഭിക്കുകയും വനം വകുപ്പ്് അധികൃതര്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സൊസൈറ്റിയുടെ ആവശ്യം. കൈപ്പാട് കൃഷിക്ക് തടസ്സം നില്‍ക്കുന്ന രണ്ടര ഏക്കര്‍ വരെയുള്ള കണ്ടല്‍ക്കാടുകള്‍ നീക്കം ചെയ്യാമെന്ന് കൃഷിവകുപ്പിന്റെയും വനംവകുപ്പിന്റെയും ഉത്തരവ് നിലവിലിരിക്കെയാണ് കണ്ടല്‍ നശീകരണത്തിന്റെ പേരില്‍ പരാതികള്‍ വ്യാപകമാവുന്നത്.  ജില്ലയില്‍ ഒട്ടനവധി പേര്‍ കൈപ്പാട് കൃഷിയില്‍ മുന്നോട്ട് വരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പദ്ധതിയില്‍ കയറ്റുമതി സാധ്യത ഉള്‍പ്പടെ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വകുപ്പ് അധികൃതരുടെ ഇടപെടല്‍ കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. ഇത്തരില്‍ ലഭിക്കുന്ന പരാതിയുടെ സാധുത വനംവകുപ്പ് പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൈപ്പാട് മേഖലയില്‍ കൃഷി ചെയ്യാന്‍ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യോഗം അംഗീകരിച്ച പ്രമേയത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, കൃഷി മന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് നല്‍കും.
കൃഷിക്ക് തടസ്സമാകുന്ന തരത്തിലുള്ള കണ്ടലുകള്‍ നീക്കാന്‍ അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ചെയര്‍മാന്‍ ടി വി രാജേഷ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘം തീരദേശപരിപാലന അതോറിറ്റിയുമായി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പദ്ധതികള്‍ ഉള്‍പ്പെടുന്ന മുന്നൂ ജില്ലകളിലെയും എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് മേധാവികള്‍, സൊസൈറ്റി ഭാരവാഹികള്‍ എന്നിവരുടെ യോഗം ഫെബ്രുവരി 13 ന് കണ്ണൂരില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.
ആസുത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. കൈപ്പാട് കൃഷിക്കെതിരെ കണ്ടല്‍ നശീകരണത്തിന്റെ പേരില്‍ വരുന്ന പരാതികളുടെ അധികാരികത പരിശോധിക്കപ്പെടേണ്ടതാണെന്ന് എം എല്‍ എ പറഞ്ഞു. പലപ്പോഴും നടപടികള്‍ കൈക്കൊണ്ടശേഷമാണ് പരാതികളുടെ സത്യാവസ്ഥ പുറത്ത്് വരുന്നത്. പ്രതീക്ഷയോടെ കൃഷിയിലേക്ക് വരുന്ന യുവാക്കളടക്കമുള്ളവര്‍ക്ക് ഇത് തിരിച്ചടിയാണെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.
കൈപ്പാട് പദ്ധതിയുടെ അസ്ഥാനമായി തെരഞ്ഞെടുത്ത ചെറുകുന്നില്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട റൈസ് മില്ലിന് സ്ഥലം ലഭ്യമാക്കാനുള്ള നടപടി കൈക്കൊളളുമെന്നും എം എല്‍ എ അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,   രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫസര്‍ ടി വനജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി , ജെയിംസ് മാത്യു എം എല്‍ എ എന്നിവര്‍ രക്ഷാധികാരികളും ടി വി രാജേഷ് എം എല്‍ എ ചെയര്‍മാനും, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ വൈസ് ചെയര്‍മാന്‍മാരുമായി രതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി.

date