Skip to main content

മുണ്ടേരി സ്‌കൂള്‍ ആധുനിക വല്‍ക്കരണം: നാഷണല്‍ മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ അനുവദിച്ചു

മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ അത്യാധുനിക നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നാഷണല്‍ മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എംഡിസി) ഒരു കോടി രൂപ അനുവദിച്ചു. ആറ് ക്ലാസ് മുറികള്‍ അന്തരാഷ്ട്ര മാനദണ്ഡ പ്രകാരം ആധുനിക വല്‍കരിച്ച് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്ത് തന്നെ അതുല്യമായ ഒരു വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ച് കൊണ്ടാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഇതിന്റെ ഭാഗമായി എസ് സി ഇ ആര്‍ ടി  ഡയറക്ടര്‍ ഡോ.  ജെ പ്രസാദ്  മുണ്ടേരിയില്‍ സന്ദര്‍ശിക്കും. എന്‍ എം ഡി സി അനുവദിച്ച 1 കോടി രൂപ പദ്ധതിയുടെ ധാരണപത്രം കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി അടുത്താഴച്ച ഒപ്പിടുമെന്ന് കെ.കെ രാഗേഷ് എം പി അറിയിച്ചു.
കെ കെ രാഗേഷ് എം പി നേതൃത്വം നല്‍കുന്ന മുദ്ര പദ്ധതിപ്രകാരം മുണ്ടേരിയില്‍ നിന്ന് സമര്‍പ്പിക്കുന്ന എല്ലാ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.  സിഎസ്ആര്‍ പദ്ധതികളുടെ ദേശീയ ഗുണമേന്മാ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് മികച്ച കമ്പനികള്‍ മുണ്ടേരിയില്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ അനുവദിക്കുന്നതിന് താല്‍പര്യം കാണിക്കുന്നത്.
മുദ്രാ വിദ്യാഭ്യാസ പദ്ധയിലുള്‍പ്പെടുത്തി 16 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിനകം 50 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. അനുവദിച്ച പദ്ധതികള്‍ 6 മാസത്തിനകംപൂര്‍ത്തികരിക്കപ്പെടുന്നുണ്ട്. ഇതിനായി ചീഫ് എഞ്ചിനിയറുടെ നേതൃത്യത്തില്‍ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. തൊണ്ണൂറ് ശതമാനത്തോളം  ആദിവാസി ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന   ആറളം ഫാം ഗവര്‍മെന്റ് സ്‌കൂള്‍ നവീകരിക്കുന്നതിനും ഇതേ മാതൃകയില്‍ തന്നെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ആറളം ഫാം സ്‌കൂള്‍ ഗോത്ര റീച്ചിംഗ് അവന്യു - അഗോറ- എന്ന നാമത്തില്‍ രേഖപ്പെടുത്തിയ ഈ പദ്ധതി വിവിധ കമ്പിനികള്‍ക്ക് ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്. കെ.കെ രാഗേഷ്  എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ നീക്കിവെച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയില്‍ നിന്നുള്ള  ഈ പദ്ധതിക്കും സിഎസ്ആര്‍ കമ്പനികളില്‍ നിന്നും വലിയ സ്വീകാര്യത ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളെ പൊതുവിദ്യാഭ്യാസ വകുപ്പും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

date