Skip to main content
ഗദ്ദികയിലേക്ക് വിദേശസഞ്ചാരികളും

ഗദ്ദികയിലേക്ക് വിദേശസഞ്ചാരികളും

കാടിനെ അറിഞ്ഞവര്‍ കാട്ടുവിഭവങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നത് എത്ര കൗതുകം! കാച്ചിലും കാന്താരിച്ചമ്മന്തിയും നുണഞ്ഞു കൊണ്ട് ടിം തോമസ് വാചാലനായി.
ഗദ്ദിക സന്ദര്‍ശിക്കാനെത്തിയ യുഎസുകാരനായ ടിം തോമസ് കേരളത്തിലെ നിത്യസന്ദര്‍ശകനാണ്. ആദിവാസി വിഭാഗത്തിന്റെ ജീവിതരീതികളും ഭക്ഷണവും സംസ്‌കാരവും തന്നെ ഏറെ ആകര്‍ഷിച്ചെന്ന് ഇദ്ദേഹം പറയുന്നു. 'കലര്‍പ്പില്ലാത്ത രുചികളുടെ വൈവിധ്യമാണിവിടെ. യു എസില്‍ ഭക്ഷണം ഇത്ര രുചികരമല്ല. അവിടെ ജീവിതരീതികളും ഏറെ മാറി.  ജീവിതത്തിരക്കുകള്‍ക്കിടയില്‍ നെട്ടോട്ടമോടുന്നവരാണ്  കൂടുതലും. ഒരു മാറ്റത്തിനായാണ് കേരളത്തില്‍ എത്തുന്നത്. ഇവിടുത്തെ കാഴ്ചകള്‍ കണ്ണും മനവും നിറയ്ക്കുന്നു'ടിം പറഞ്ഞു.  കേരളത്തിലെ പലയിടങ്ങളിലായാണ് ഓരോ തവണയും ടിം സന്ദര്‍ശനം  നടത്തുന്നത്. ഡിസംബറില്‍ കേരളത്തിലെത്തിയ ടിം ഫെബ്രുവരി 20 ന് മടങ്ങും.
കേരളത്തിന്റെ കാലാവസ്ഥയും ജീവിതരീതിയുമാണ് തന്നെ ഇവിടേക്ക് അടുപ്പിക്കുന്നതെന്ന് അറുപത്തഞ്ച് കാരനായ ടിം വ്യക്തമാക്കി. യു എസിലിപ്പോള്‍ മൈനസ് 15 ഡിഗ്രി തണുപ്പാണത്രെ!  ആയുര്‍വേദം പഠിപ്പിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഇദ്ദേഹം പന്ത്രണ്ടു വര്‍ഷത്തോളമായി കേരളം സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ കലയും സംസ്‌കാരവും അറിഞ്ഞും അനുഭവിച്ചുമാണ് അവധിക്കാലം ചിലവഴിക്കുന്നത്.
യു എസ്സിലെ സെന്റ് പോയിന്റിലെ ഇഡാ ഹൊയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു ശില്‍പിയാണ്. മാര്‍ബിളിലും കളിമണ്ണിലും തീര്‍ക്കുന്ന ശില്‍പങ്ങളും, ഫ്‌ലോര്‍ ഡിസൈനുകളും ചെയ്യുന്നുണ്ട്. കലയ്ക്ക് അല്പം ഇടവേള നല്‍കി, വിശ്രമവേളകള്‍ക്ക് അല്‍പം ആനന്ദം പകരുകയാണ് ഇദ്ദേഹം. നാട്ടില്‍ ഭാര്യക്കും പേരമക്കള്‍ക്കും നല്‍കാനായി ഗദ്ദികയില്‍ നിന്നു കുറെ സാധനങ്ങളും വാങ്ങി വെച്ചിട്ടുണ്ട് ടിം. യു എസില്‍ നിന്നുള്ള കിരണ്‍ - മെറി ദമ്പതികളും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഇനിയെപ്പഴാ വരിക എന്ന ചോദ്യത്തിന് ടിം ചിരിച്ചു കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ വിളിക്കയല്ലെ, ഞാനെങ്ങനെ വരാതിരിക്കും?'

date