Skip to main content

ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക വിതരണം 10ന്  

    ദേശീയ വിരമുക്തി ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 10ന് ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള  ഗുളിക നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരുവയസു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുക.

 926 സ്കൂളുകള്‍,  297  പ്രീ-പ്രൈമറി സ്കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേ കെയര്‍ സെന്‍ററുകള്‍, 24 കോളേജുകള്‍ എന്നിവയ്ക്ക് പുറമെ  സ്പെഷ്യല്‍            സ്കൂളുകള്‍, എം.ആര്‍.എസ്, ബാലഭവന്‍, പോളിടെക്നിക്, ഐ.ടി.ഐ, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളിലും ഗുളിക  വിതരണം ചെയ്യും.  അധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തിലുളള ഗുളിക വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്കൂളില്‍ നടക്കും.
 
അങ്കണവാടിയില്‍ പോകാത്തതും സ്വകാര്യ നഴ്സറികളില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് അങ്കണവാടികളില്‍  ഗുളിക നല്‍കും.  ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ്  ഗുളിക കഴിക്കേണ്ടത്.

പനിയോ, ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്ന മറ്റ് അസുഖങ്ങളോ ഇല്ലാത്ത കുട്ടികളും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വിരക്കെതിരെ മരുന്ന് കഴിച്ചവരും ഗുളിക കഴിക്കേണ്ടതാണന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.  
 
    ഗുളിക വിതരണത്തിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ പ്രചാരണത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററിന്‍റെ  പ്രകാശനം കളക്ടര്‍ നിര്‍വഹിച്ചു.  

     ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, ആര്‍.സി.എച്ച്  ഓഫീസര്‍ ഡോ.  സി.ജെ. സിത്താര, മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.എ. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.  

date