എല്ലാ വീട്ടിലും തുണിസഞ്ചി; പദ്ധതിക്ക് ഈരാറ്റുപേട്ടയില്‍ തുടക്കമായി
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയില്‍ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ആദ്യഘട്ടമായി ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2000 കുട്ടികള്‍ക്ക് തുണിസഞ്ചി വിതരണം ചെയ്തു.
ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വലിച്ചെറിയല്‍ സംസ്കാരം ഉപേക്ഷിച്ചാല്‍ മാത്രമേ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ടി.എന്‍. സീമ പറഞ്ഞു.
സ്പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചി എത്തിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ബദല്‍ മാര്‍ഗമെന്ന നിലയില്‍ നഗരസഭ തുണി സഞ്ചികള്‍ക്ക് പ്രചാരം നല്‍കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
സ്കൂളുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവ മുഖേന നഗരസഭ തുണി സഞ്ചികള്‍ വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് എം.ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്‍റ്സ് പോലീസിന്‍റെ ആഭിമുഖ്യത്തില്‍ തുണിയില്‍ നിര്‍മ്മിച്ച ക്യാരി ബാഗുകളുടെ പ്രദര്‍ശനവും നടന്നു.
മാലിന്യ സംസ്കരണ ബോധവല്‍ക്കരണത്തിനായി നഗരസഭ നിര്‍മിച്ച ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസ്, കൗണ്‍സിലര്‍മാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രമേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എ.എം.ഐ. ഖാദര്‍, നഗരസഭാ ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments