Skip to main content
കണ്ണൂർ താലൂക്ക് വികസന സമ്മിതി യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു

പടന്നത്തോട് ഉടന്‍ ശുദ്ധീകരിക്കണം: കണ്ണൂര്‍ താലൂക്ക് വികസന സമിതി

നഗര മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന പടന്നത്തോട് ഉടന്‍ ശുദ്ധീകരിക്കുന്നതിനും മാലിന്യങ്ങള്‍ തോടിലേക്ക് ഒഴുക്കി വിടുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും വികസന സമിതി കണ്ണൂര്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. നഗരത്തിലെ മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ ഉടനടി പുതുക്കി വരയ്ക്കുന്നതിന് യോഗം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുണ്ടയാട്ടെ അനധികൃത മത്സ്യ സ്റ്റാളുകള്‍ക്കെതിരെ ലഭിച്ച പരാതിയിന്‍മേല്‍ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഫോര്‍മാലില്‍ അടക്കമുള്ള രാസ വസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതായി സമിതി അറിയിച്ചു.  ഇത്തരത്തില്‍ മായം ചേര്‍ക്കുന്നവരുടെ പേര് വിവരം സഹിതം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് ജനങ്ങള്‍ക്ക് അവരെ തിരിച്ചറിയുവാന്‍ സഹായകരമാകുമെന്നും യോഗം വിലയിരുത്തി. കണ്ണൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അഴീക്കല്‍ റോഡില്‍ ശുദ്ധജല പൈപ്പ് ഇടുന്നതിന്റെ ഭാഗമായി റോഡ് കുഴിച്ചത് അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതി സമിതിയില്‍ ഉന്നയിച്ചു. ജലസേചന വകുപ്പിന്റെ അനുവാദം കിട്ടിയ റോഡുകളുടെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്നും മറ്റ് ആവശ്യമായ നടപടി കൈക്കൊള്ളാനും സമിതി തീരുമാനിച്ചു. ചൊവ്വ പാലത്തിന് കീഴിലായി കാനാമ്പുഴയിലുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്ത് തോടിന്റെ ആഴം കൂട്ടി സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കണെമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി യോഗത്തില്‍ പങ്കെടുത്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, തഹസില്‍ദാര്‍ വി എം സജീവന്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date