Skip to main content

സ്മാര്‍ട്ട് ഡയറ്റ്' പദ്ധതിക്ക് മലപ്പുറത്തെ  അങ്കണവാടികളില്‍ തുടക്കമായി

 

വനിതാ ശിശുവികസ വകുപ്പിന്റെ നേതൃത്വത്തില്‍ വൈവിധ്യവും സമ്പൂര്‍ണ്ണ പോഷണങ്ങളും ഉള്‍ക്കൊള്ളിച്ച്  അങ്കണവാടി കുട്ടികള്‍ക്കായി നടപ്പാക്കുന്ന 'സ്മാര്‍ട്ട് ഡയറ്റ്'  പദ്ധതിയ്ക്ക് മലപ്പുറം നഗരസഭയില്‍ തുടക്കമായി. മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് അങ്കണവാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.  
മലപ്പുറം നഗരസഭയിലെ പത്ത് അങ്കണവാടികളിലാണ് ആദ്യ പടിയായി പദ്ധതി നടപ്പാക്കുന്നത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രീ സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്കായാണ് സമ്പൂര്‍ണ്ണ പോഷക ഗുണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ലാ ഐ.സി.ഡി.എസ് സ്മാര്‍ട്ട് ഡയറ്റ് പദ്ധതി ഒരുക്കുന്നത്. അങ്കണവാടിയിലെ പോഷകാഹാരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി കുഞ്ഞുങ്ങള്‍ക്ക് മൂന്നുനേരം 'സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ്ണ പോഷണം' എന്ന രീതിയില്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. രാവിലെ റാഗി/അരിപ്പൊടിയില്‍ തയ്യാറാക്കിയ അട, ഇഡ്ഡലി സാമ്പാര്‍, നൂല്‍പുട്ട്, വെജ് പുലാവ് തുടങ്ങിയവയും ഉച്ചയ്ക്ക് വെജ് ബിരിയാണി, ഫ്രൈഡ് റൈസ്, ചോറ് സാമ്പാര്‍, കശ്മീരി പുലാവ് തുടങ്ങിയ ഭക്ഷണങ്ങളും നല്‍കും. വൈകീട്ട് പായസം, സ്‌നാക്സ് തുടങ്ങി വ്യത്യസ്തമായതും രുചിയേറിയതുമായി 43 തരം വിഭവങ്ങളാണ് ഓരോ ആഴ്ചയിലും കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട,പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുക. 

വട്ടിപ്പറമ്പ് അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.റിനിഷ അധ്യക്ഷയായി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മറിയുമ്മ ഷെരീഫ്, മറ്റ്  വാര്‍ഡ് കൗണ്‍സിലര്‍മാരായ ആരിസ് ആമീന്‍, മുഹമ്മദ്കുട്ടി, ഉമ്മര്‍, സൈനബ, വനിതാ ശിശുവികസന വകുപ്പ് അംഗങ്ങള്‍, ശിശു വികസന ഓഫീസര്‍ സജിത, സൂപ്പര്‍വൈസര്‍മ്മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date