വായൂജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന വിധം
രോഗലക്ഷണമുള്ളവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവരും രോഗമുള്ളവരെ പരിചരിക്കുന്നവരും മാസ്‌ക്കുകള്‍ ധരിക്കുന്നതാണ് രോഗം പ്രതിരോധത്തിന് ഉത്തമം. മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിനു മുകളിലും താടിക്കു താഴ് ഭാഗത്തിലും എത്തുന്ന തരത്തില്‍, ആദ്യം മുകള്‍ ഭാഗത്തെ കെട്ടും (ചെവിക്കു മുകളില്‍) രണ്ടാമത് താഴ് ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകില്‍) കെട്ടും ഇടുക. മിക്കവാറും മാസ്‌കുകളില്‍ നിറമുള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോട് ചേര്‍ന്നും ഇരിക്കുന്ന രീതിയിലുമുള്ളതാകും. അവ ശ്രദ്ധിച്ച് വേണം മാസ്‌ക് ധരിക്കാന്‍.
മാസ്‌ക് ധരിച്ച ശേഷം മാസ്‌കിന്റെ മുന്‍വശങ്ങളില്‍ തൊടാന്‍ പാടുള്ളതല്ല.മാസ്‌ക് ധരിച്ച ശേഷം മൂക്കിനു മുകളില്‍ വരുന്ന ഭാഗം ചേര്‍ത്ത് വയ്ക്കണം. മാസ്‌കില്‍ നനവ് പറ്റിയാലും വൃത്തിഹീനമായാലും ഉടന്‍ തന്നെ മാറ്റാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്. മാസ്‌ക് ധരിച്ചു തുടങ്ങുന്നതിനു മുന്‍പ് തന്നെ മാസ്‌കിന് കേടുപാടുകള്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്തണം.
മാസ്‌ക് അഴിച്ചു മാറ്റുമ്പോള്‍ ആദ്യം താഴ് ഭാഗത്ത് കെട്ടും പിന്നീട് മുകള്‍ ഭാഗത്ത് കെട്ടും അഴിച്ച ശേഷം മാസ്‌കിന്റെ മുന്‍വശത്തും നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെയും സൂക്ഷിക്കണം. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ കത്തിച്ചു കളയുകയോ ബ്ലീച്ചിങ് ലായനിയില്‍ ഇട്ടു അണു വിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യണം. മാസ്‌ക് ധരിക്കുന്നതിനു മുന്‍പും, മാസ്‌ക് അഴിച്ചു മാറ്റിയ ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു.
- Log in to post comments