മിഷന്‍ ഫസ്റ്റ് എയ്ഡ്: ചേലേമ്പ്രയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം നിലവില്‍ വന്നു
പ്രഥമ ശുശ്രൂഷ രംഗത്ത് ജനങ്ങളെ സ്വയംപര്യാപ്തരാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് പഞ്ചായത്താകാനൊരുങ്ങുന്ന ചേലേമ്പ്രയില്‍ മിഷന്‍ ഫസ്റ്റ് എയ്ഡിന്റെ രണ്ടാംഘട്ടമായി എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം നിലവില്‍ വന്നു. ഹൃദയസ്തംഭനം വന്ന് ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് രോഗികള്‍ മരണമടയുന്നത് തരണം ചെയ്യാന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം ഒരു പരിധിവരെ സഹായിക്കുമെന്നതിനാലാണ് സംവിധാനം സജ്ജീകരിച്ചത്.
സി പി ആര്‍ നല്‍കുന്നതിനോടൊപ്പം എ.ഇ.സി മെഷീന്‍ സേവനവും രോഗിക്ക് ലഭിക്കുകയാണെങ്കില്‍ പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് പ്രവര്‍ത്തനം. സ്വന്തമായി ഒരു എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പ്രാവര്‍ത്തികമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി ചേലേമ്പ്രയെ മാറ്റാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് പറഞ്ഞു.
രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിങ് ഫൗണ്ടേഷന്‍ ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ ഇന്‍സിസ്റ്റ്യൂഷനും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍,വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍, കുഞ്ഞുങ്ങളുടെ അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങുക, ശ്വാസംമുട്ടല്‍ ഉണ്ടാകുക, കുഴഞ്ഞ് വീഴുക, ആത്മഹത്യാശ്രമം, തലചുറ്റല്‍, പൊള്ളല്‍, അപസ്മാരം, മൃഗങ്ങളുടെ ആക്രമണം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ ആശുപത്രികളിലെത്തും മുമ്പ് നല്‍കാന്‍ ജനങ്ങളെ പര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചേലേമ്പ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചപ്പോള്‍ മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഔദ്യോഗികമായി തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പരിശീലനവും ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നു.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇതിനകം പ്രായോഗിക പരിശീലന ക്ലാസുകള്‍ നല്‍കിയത്. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളജ് അധ്യാപകനായ കെ.ആര്‍ വിമലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് പ്രഥമ ശുശ്രൂഷയില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഹീലിങ് ഹാന്റ്‌സ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംരംഭത്തിന് തുടക്കമിടുന്നത്. രാജ്യത്താകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന അഭിലാഷത്തോടെ തുടങ്ങിയ സംരംഭത്തിന്റെ ഗുണഫലം ആദ്യഘട്ടത്തില്‍ ചേലേമ്പ്ര നിവാസികള്‍ക്കാണ് ലഭിക്കുന്നത്. അഞ്ചര ലക്ഷം രൂപ ചെലവിലാണ് മിഷന്‍ ഫസ്റ്റ് എയ്ഡിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ആര്‍ വിമലിനൊപ്പം ടി.എസ് അംജിത്ത്, വി സുരേഷ്, എന്‍.കെ രവീന്ദ്രന്‍, വൈശാഖ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചേലേമ്പ്രയിലെ പ്രവര്‍ത്തനത്തിനൊപ്പം ജില്ലയിലും സംസ്ഥാനത്തും രാജ്യത്തുമായി മിഷന്‍ ഫസ്റ്റ് എയ്ഡ് വ്യാപിപ്പിക്കാനാണ് ഹീലിങ് ഹാന്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം.
- Log in to post comments